കാസർകോട്: ഗാന്ധിജിയിലേക്ക് മടങ്ങുക, ഗാന്ധി ദർശനങ്ങളെ മുറുകെ പിടിക്കുക, കോൺഗ്രസ് ജനഹൃദയങ്ങളിലേക്ക് എന്ന സന്ദേശം ഉയർത്തിപ്പിടിച്ചു കോൺഗ്രസിന്റെ സംഘടനാ പ്രവർത്തനങ്ങൾക്ക് പുതിയ രൂപവും താളവും ഉണ്ടാക്കുന്നതിനു വേണ്ടി കെ.പി.സി.സിയുടെ നിർദ്ദേശപ്രകാരമുള്ള യൂണിറ്റ് കമ്മിറ്റികൾ ജില്ലയിലെ ഈസ്റ്റ് എളേരി മണ്ഡലത്തിൽ ഗാന്ധി ജയന്തിദിനത്തിൽ നിലവിൽ വരികയാണ്.
19 ബൂത്ത് കമ്മിറ്റികൾക്കു കീഴിൽ 87 യൂണിറ്റ് സമ്മേളനങ്ങൾ ഇന്ന് നടക്കും. 2021 ഡിസംബർ 28 ആവുമ്പോഴേക്കും ജില്ലയിലെ എല്ലാ ബൂത്ത് കമ്മിറ്റിക്കു കീഴിലും യൂണിറ്റ് കമ്മിറ്റി രൂപീകരണ ങ്ങൾക്ക് നേതൃത്വം നൽകുവാൻ ഡി.സി.സി ഭാരവാഹികളെ നേരത്തെ നിയമിച്ചിരുന്നു. തിരുവനന്തപുരം രാജീവ് ഗാന്ധി സ്റ്റഡീസ് ആൻഡ് ഡവലപ്മെന്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ വിദഗ്ധരുടെ നേതൃത്വത്തിൽ ഇവർക്ക് പരിശീലനം നൽകിയിരുന്നു. ജില്ലയിൽ താമസിയാതെ യൂണിറ്റ് കമ്മിറ്റികളുടെ രൂപീകരണവുമായി ബന്ധപ്പെട്ട് മുതിർന്ന നേതാക്കളെ ഉൾപ്പെടുത്തി കൊണ്ട് ഒരു രക്ഷാധികാരി സമിതിയും ഡി.സി.സി ഭാരവാഹികളെ ഉൾപ്പെടുത്തി ഇംപ്ളിമെന്റ് കമ്മിറ്റിയും നിലവിൽ വരും. ജില്ലാതലത്തിൽ ഒരു ഇംപ്ളിമെന്റ് ഓഫീസറെയും രണ്ട് അസിസ്റ്റന്റ് ഓഫീസർമാരെയും നിയമിക്കും. നിയോജക മണ്ഡലത്തിലും മണ്ഡലത്തിലും ഇതേ രീതിയിലുള്ള സംവിധാനങ്ങൾ അടിയന്തരമായി രൂപീകരിക്കും.
രണ്ടാംഘട്ടത്തിൽ യൂണിറ്റ് കമ്മിറ്റികൾ രൂപീകരിക്കുന്ന മണ്ഡലങ്ങളെ,ഡി.സി.സി അടിയന്തരമായി യോഗം ചേർന്ന് നിശ്ചയിക്കും. യൂണിറ്റ് കമ്മറ്റികളുടെ ജില്ലാതല ഉദ്ഘാടനം ഈസ്റ്റ് എളേരി മണ്ഡലത്തിലെ എഴുപത്തിയാറാം ബൂത്തിൽ, കടുമേനി സർക്കാർ കോളനിയിൽ ജില്ലാ കോൺഗ്രസ് കമ്മിറ്റി അദ്ധ്യക്ഷൻ പി.കെ ഫൈസൽ നിർവഹിക്കും.