തലശ്ശേരി: ചൊക്ലി മങ്ങാട് സ്വദേശിയായ ബൈക്ക് റേസിംഗ് താരം കക്രന്റവിട ടി.കെ അഷ്ബാഖ് മോന്റെ (34) കൊലപാതകത്തിനുത്തരവാദികളായ ബംഗളൂരുകാരി ഭാര്യക്കും, സുഹൃത്തുക്കൾക്കും വേണ്ടി രാജസ്ഥാൻ പൊലീസ് വലവിരിച്ചു. ഒരാഴ്ചക്കകം പ്രതികൾ മുഴുവൻ വലയിലാവുമെന്നാണ് അന്വേഷണ സംഘത്തിന്റെ പ്രതീക്ഷ. പ്രതികൾക്കായി ലുക്ക് ഔട്ട് നോട്ടീസ് ഇറക്കിയിട്ടുണ്ട്.
മങ്ങാട് വേലായുധൻ മൊട്ട സ്വദേശിയും ബംഗളൂരു ആർ.ടി. നഗറിലെ താമസക്കാരനുമായിരുന്നു അഷ്ബാഖ്. കേസിൽ ഇയാളുടെ സുഹൃത്തുക്കളായ സഞ്ജയ്, വിശ്വാസ് എന്നിവർ അറസ്റ്റിലായിട്ടുണ്ട്. അഷ്ബാഖിന്റെ ഭാര്യ സുമേറ പർവേസും, സുഹൃത്തുക്കളും ചേർന്നാണ് കൊലപാതകം ആസൂത്രണം ചെയ്തതെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. 2018 ആഗസ്റ്റിലാണ് ജയ്സൽമേറിലെ മോട്ടോർ റാലിക്കിടെ അബ്സഖ് മോനെ മരിച്ചനിലയിൽ കണ്ടെത്തിയത്.

പരിശീലനത്തിനിടെ വഴിതെറ്റി മരുഭൂമിയിൽ ഒറ്റപ്പെട്ട് നിർജലീകരണം കാരണം മരണം സംഭവിച്ചെന്നായിരുന്നു നിഗമനം. മരണത്തിൽ സംശയമില്ലെന്ന് സംഭവദിവസം ഭാര്യ സുമേറ പർവേസ് പറഞ്ഞിരുന്നു. ഇതോടെ പൊലീസ് വിശദമായ അന്വേഷണം നടത്താതെ കേസ് അവസാനിപ്പിച്ചു. നാട്ടിലെ ബന്ധുക്കൾ എത്തും മുമ്പ് മൃതദേഹം അടക്കം ചെയ്യുകയും ചെയ്തു. ഇപ്പോൾ പിടിയിലായ സഞ്ജയാണ് മരണ വിവരം രണ്ട് ദിവസം കഴിഞ്ഞ് നാട്ടിലെ ബന്ധുക്കളെ അറിയിച്ചത്.
ഭാര്യ സുമേറ പർവേസ്, സുഹൃത്തുക്കളായ സഞ്ജയ്, വിശ്വാസ്, നീരജ്, സാബിഖ്, സന്തോഷ് എന്നിവർക്കൊപ്പമാണ് അഷ്ബാഖ് ജയ്സൽമേറിൽ എത്തിയത്. അഷ്ബാഖിന്റെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് മാതാവ് ടി.കെ സുബൈദയും സഹോദരൻ അർഷാദും പിന്നീട് തലശ്ശേരി പൊലീസിന് പരാതി നൽകിയിരുന്നു. നേരത്തെ അഷ്ബാഖും കുടുംബവും ദുബായിലായിരുന്നു. ഭാര്യയുമായി സാമ്പത്തികമായി തർക്കം നിലനിന്നിരുന്നതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്. സുഹൃത്തായ സഞ്ജയ് മരണശേഷം അഷ്ബാഖിന്റെ മൊബൈൽ ഫോണും മറ്റു സാധനങ്ങളും കൈക്കലാക്കി. മരിച്ചതിന് തൊട്ടുപിന്നാലെ ഇയാളുടെ 88 ലക്ഷം രൂപ ബാങ്ക് അക്കൗണ്ടിൽ നിന്നും ഭാര്യ പിൻവലിച്ചതായും കണ്ടെത്തിയിട്ടുണ്ട്. മാത്രമല്ല അഷ്ബാഖിന്റെ വാഹനങ്ങൾ വിൽക്കുകയും ചെയ്തിട്ടുണ്ട്. തെളിവുകളൊക്കെ നശിപ്പിക്കുകയും ചെയ്തിരുന്നു.
അഷ്ബാഖിന്റെ കമ്പനി മാനേജരുമായുള്ള സുമേറയുടെ പുനർവിവാഹവും സംശയത്തിന് ആക്കം കൂട്ടിയിരുന്നു.
കൊല്ലപ്പെടുന്നതിന് ഒരു വർഷം മുമ്പ് ബംഗളൂരുവിലെ വീട്ടിൽവച്ച് അഷ്ബാഖിനെ വാടകഗുണ്ടകൾ മുറിയിൽ പൂട്ടിയിട്ട് ക്രൂരമായി മർദ്ദിച്ചിരുന്നു. അതിന് ശേഷം തന്റെ ജീവിതം അപകടത്തിലാണെന്ന് അഷ്ബാഖ് ഉമ്മ സുബൈദയോട് പറഞ്ഞിരുന്നു.

ഇല്ലായ്മയിൽ നിന്ന് സമ്പത്തിന്റെ നെറുകയിൽ

ഇല്ലായ്മയിൽ നിന്ന് സമ്പത്തിലേക്കുള്ള ഉയർച്ചയായിരുന്നു അഷ്ബാഖിന്. എം.എ ചിദംബരം സ്പിൻ അക്കാഡമിയിൽ നിന്ന് ക്രിക്കറ്റിൽ പരിശീലനം നേടി മുംബയിലെ ഒരു ക്ലബ്ബിന് വേണ്ടി ഇംഗ്ലണ്ടിൽ പോയി ക്രിക്കറ്റ് കളിച്ചിരുന്നു. 2002 മാർച്ച് 31ന് തലശ്ശേരി ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടന്ന ഇന്ത്യാ-ശ്രീലങ്ക ക്രിക്കറ്റ് മത്സര വേളയിൽ പ്രമുഖ കളിക്കാരുമായി പരിചയപ്പെട്ടു. ബംഗളൂരുവിൽ ജോലിക്കൊപ്പം ക്രിക്കറ്റ് പരിശീലനവും തുടർന്നു. ആയിടക്കാണ് ശ്രദ്ധ ബൈക്ക് റേസിലേക്ക് തിരിയുന്നത്. തുടർന്ന് ഗൾഫിൽ ഇസ്ലാമിക് ബാങ്കിൽ ജോലി ലഭിച്ചു. അക്കാലത്താണ് ബംഗളൂരുവിലെ ആർ.ടി.നഗറിലെ സുമേറ പർവേസുമായി പ്രണയത്തിലാവുകയും വിവാഹിതരാവുകയും ചെയ്തത്. ഈ ബന്ധത്തിൽ ഒരു കുട്ടിയുമുണ്ട്.

മകന്റെ മൃതദേഹം പോലും കാണാൻ അനുവദിക്കാതിരുന്ന ഘാതകരെ മാതൃകാപരമായി ശിക്ഷിക്കണം. ഇനി ഒരമ്മക്കും ഈ ദുർഗ്ഗതി വരരുത്. മരിച്ചിട്ട് 48 മണിക്കൂർ കഴിഞ്ഞാണ് മരണവിവരം അറിയിച്ചത്. ഞങ്ങൾ എത്തും മുമ്പേ തന്നെ കബറടക്കം നടത്തിയിരുന്നു. പ്രളയത്തിൽ കേരളം മുങ്ങി നിൽക്കുമ്പോഴാണ് അവിടെയെത്തിയത്. കുറ്റിക്കാട്ടിൽ കുഴിച്ചിട്ടത് കണ്ടപ്പോൾ കരൾ നുറുങ്ങി. അന്യസംസ്ഥാനത്ത് കേസ് വാദിക്കാനുള്ള സാമ്പത്തിക ശേഷി ഞങ്ങൾക്കില്ല. കേരള സർക്കാർ നല്ല ഒരു വക്കീലിനെ അനുവദിക്കണമെന്നാണ് അപേക്ഷ.

പി.കെ സുബൈദ,​ അഷ്ബാഖിന്റെ മാതാവ്