നീലേശ്വരം: കരിന്തളം അണ്ടോളിൽ കഴിഞ്ഞദിവസം നിര്യാതനായ സി. നാരായണന്റെ വിയോഗം ജില്ലയിലെ ഗ്രന്ഥശാല പ്രസ്ഥാനങ്ങൾക്ക് കനത്ത നഷ്ടം. ഗ്രന്ധശാല പ്രസ്ഥാനത്തിൽ കഴിഞ്ഞ 50 വർഷമായി പ്രവർത്തിക്കുന്നു. വെള്ളക്കുപ്പായം, കുപ്പായത്തിന്റെ കോളറിനടിയിൽ ഒരു തൂവാല തിരുകി കാലൻ കുടയും തൂക്കിയാണ് നാരായണേട്ടന്റെ വായനശാലകളിലേക്കുള്ള യാത്ര. വായനശാല യോഗങ്ങൾക്കിടയിൽ തമാശ പറയാനോ പൊട്ടിച്ചിരിക്കാനോ ഇതുവരെ ശ്രമിച്ചിട്ടുണ്ടാവില്ല. ഗ്രഡേഷൻ കമ്മിറ്റിയിൽ സി. നാരായണനുണ്ടെങ്കിൽ ഗ്രന്ഥശാല സെക്രട്ടറിയുടെ നെഞ്ചിടിപ്പ് കൂടും. ആരും കാണാത്ത തെറ്റുകളാണ് രജിസ്റ്റർ തുറന്ന് വെച്ചാൽ നാരായണേട്ടന്റെ ശ്രദ്ധയിൽ കാണുക. അതിന് പ്രതിവിധിയും വാക്കുകളിൽ ഉണ്ടാവും.

സൗമ്യശീലനുമാണ് അദ്ദേഹം. ഗ്രന്ഥശാല ആക്ടും റൂൾസും മനഃപാഠമാണ്. ഒരു കമ്പ്യൂട്ടറിലെന്ന പോലെ ഒരോ ഗ്രന്ഥാലയങ്ങളുടെയും രജിസ്റ്റർ നമ്പർ മുതൽ കമ്മിറ്റി അംഗങ്ങളുടെ ജാതകം വരെ നാരായണേട്ടന് മനഃപാഠം. ഭാവി തലമുറക്ക് സി. നാരായണന്റെ ജീവിതവും ഗ്രന്ഥശാല പ്രവർത്തനവും ഒരു വഴികാട്ടിയാണ്. അതുകൊണ്ട് തന്നെ വൻ ജനാവലി അദ്ദേഹത്തിന് അന്ത്യോപചാരമർപ്പിക്കാനെത്തി.