കൂത്തുപറമ്പ്: കണ്ണവം പൊലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്.ഐയെ കൈയേറ്റം ചെയ്ത സംഭവത്തിൽ 20 പേർക്കെതിരെ പൊലീസ് കേസെടുത്തു. ചിറ്റാരിപറമ്പിലെ സി.പി.എം പ്രവർത്തകരായ 20 പേർക്കെതിരെയാണ് കണ്ണവം പൊലീസ് കേസെടുത്തത്. ഔദ്യോഗിക കൃത്യനിർവ്വഹണം തടസപ്പെടുത്തിയതിനാണ് പൊലീസ് നടപടി. പരിക്കേറ്റ എസ്.ഐ ബഷീർ കൂത്ത്പറമ്പ് താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. കഴിഞ്ഞ വെള്ളിയാഴ്ച രാത്രി 7.30 ഓടെയായിരുന്നു കേസ്സിനാസ്പദമായ സംഭവം. ചിറ്റാരിപറമ്പിനടുത്ത കോട്ടയിൽ പൊലീസ് പട്രോളിംഗിനിടെ ഒരു സംഘം കൂട്ടം കൂടി നിൽക്കുകയായിരുന്നു. പൊലീസിനെ കണ്ടയുടൻ കൂടിനിന്നിരുന്നവർ ഓടി. തുടർന്ന് അവിടെ ഉണ്ടായിരുന്ന ബൈക്ക് പൊലീസ് കസ്റ്റഡിയിൽ എടുക്കുമ്പോൾ സംഘം വീണ്ടുമെത്തി എസ്.ഐയെ കൈയേറ്റം ചെയ്യുകയായിരുന്നുവത്രേ. കൂടുതൽ പൊലീസ് സ്ഥലത്ത് എത്തിയതോടെ അക്രമികൾ രക്ഷപ്പെടുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. പൊലീസ് ഇൻസ്പെക്ടർ ശിവൻ ചോടോത്തിന്റെ നേതൃത്വത്തിൽ ബൈക്ക് കസ്റ്റസിയിലെടുത്തു. എസ്.ഐയുടെ പരാതിയിലാണ് പൊലീസ് കേസെടുത്തത്.