കണ്ണൂർ: നഗരത്തിൽ വൻ മയക്കുമരുന്ന് വേട്ട. കൊച്ചി മോഡൽ മയക്ക് മരുന്ന് പാർട്ടിക്കായി നഗരത്തിൽ കേന്ദ്രീകരിച്ച മൂന്നംഗ സംഘത്തെ പൊലീസ് പിടികൂടി. കിഴുന്നപ്പാറ സ്വദേശി എ. പ്രണവ്, ആദികടലായി സ്വദേശികളായ വി.കെ. ലിജിൻ, റനീസ് എന്നിവരാണ് അറസ്റ്റിലായത്. ഇവരിൽ നിന്നു 10 ഗ്രാം എം.ഡി.എം.എയും ഒരു കിലോ കഞ്ചാവും പിടിച്ചെടുത്തു. കണ്ണൂർ അസിസ്റ്റന്റ് കമ്മീഷണർ പി.പി. സദാനന്ദന്റെയും കണ്ണൂർ ടൗൺ ഇൻസ്പെക്ടർ ശ്രീജിത്ത് കൊടേരിയുടെയും നേതൃത്വത്തിലാണ് യുവാക്കളെ പിടികൂടിയത്.

ഇൻസ്റ്റാഗ്രാം തുടങ്ങിയ സോഷ്യൽ മീഡിയാ പ്ളാറ്റ് ഫോമിൽ കൂടിയാണ് പ്രതികൾ മയക്കുമരുന്ന് ഉപയോഗിക്കുന്നവരെ കണ്ടെത്തുന്നത്. തുടർന്ന് പ്രത്യേകം കോഡ് ഭാഷയിലൂടെയാണ് ഇവർ ഉപഭോക്താക്കളോട് പ്രത്യേക സ്ഥലത്ത് എത്തിച്ചേരുവാൻ അറിയിക്കുന്നത് .

ആറ് മണിക്കൂർ ഓപ്പറേഷൻ ബ്ലാക്ക് നീണ്ടുനിന്നു. കണ്ണൂർ ടൗൺ അഡിഷണൽ സബ് ഇൻസ്പെക്ടർ രാജീവ് ആണ് പ്രതികളെ അറസ്റ്റ് ചെയ്തത്. സംഘത്തിൽ ജി.എസ്.ഐമാരായ മഹിജൻ, അനീഷ് കുറുവ ജി.എ.എസ്.ഐ മാരായ രഞ്ജിത്ത് ചേണിച്ചേരി, സീനിയർ സി.പി.ഒ മഹേഷ് എന്നിവരും ഉണ്ടായിരുന്നു.