kulam

പാലക്കുന്ന്: ശക്തമായ മഴയിൽ ഉദയമംഗലം മഹാവിഷ്ണു ക്ഷേത്രക്കുളത്തിന്റെ വടക്കു ഭാഗത്തെ ചുറ്റുമതിൽ ഇടിഞ്ഞു താഴ്ന്നു. കുളത്തിന്റെ തെക്ക്ഭാഗത്തെ മതിൽ 2017 ലെ കാലവർഷക്കെടുതിയിൽ പൂർണമായും തകർന്നിരുന്നു. ലക്ഷങ്ങൾ ചെലവിട്ടാണ് പുനർനിർമ്മിച്ചിരുന്നത്. ചെരിപ്പാടി ദേവസ്വം കമ്മിറ്റി നൽകിയ 10 സെന്റും ക്ഷേത്ര ഭരണ സമിതി വിശ്വാസികളുടെ സഹകരണത്തോടെ വാങ്ങിയ ആറര സെന്റും ചേർന്ന ഭൂമിയിൽ ക്ഷേത്ര യു.എ.ഇ. കമ്മിറ്റി 32 ലക്ഷത്തോളം രൂപ ചെലവിൽ 10 വർഷം മുൻപ് നിർമ്മിച്ച് സമർപ്പിച്ചതാണ് ഏറെ മോടിയുള്ള ഈ ക്ഷേത്രക്കുളം. കാലവർഷം തീരുന്നത്തോടെ ജലനിരപ്പ് താഴ്ന്ന ശേഷം ചുറ്റുമതിൽ തകരുന്നതിന്റെ അടിസ്ഥാന കാരണങ്ങൾ കണ്ടെത്തി അനുയോജ്യമായ നടപടികൾ കൈകൊള്ളുമെന്ന് പ്രസിഡന്റ് ബാലകൃഷ്ണൻ ഉദയമംഗലം പറഞ്ഞു. പാലക്കുന്ന് കഴകം ഭഗവതി ക്ഷേത്രത്തിലെ തെക്കേ ഭാഗത്തെ പുറം മതിലും ശക്തമായ മഴയിൽ ഇതേ ദിവസം രാത്രി നിലം പൊത്തി. രണ്ട് ലക്ഷത്തിൽ പരം രൂപ ചിലവിട്ട് ചെങ്കല്ലുപയോഗിച്ച് ഒരു മാസം മുൻപ് പുനർനിർമാണം പൂർത്തിയായ മതിലിന് 100 മീറ്ററോളം നീളം വരും.