മാഹി: ജോലി സ്വർണ വ്യാപാരം, കമ്പം ആട് വളർത്തലിലും, കൃഷിയിലും. 71 വയസുകാരനായ അപർണ്ണ രാധാകൃഷ്ണന് ടെറസ്സിൽ കൃഷി ചെയ്യാൻ മണ്ണും വേണ്ടെന്നായിരിക്കുന്നു. മണ്ണില്ലാതെയും കൃഷി ചെയ്യാമെന്ന് വിളവെടുപ്പിലൂടെ വി.കെ. രാധാകൃഷ്ണൻ തെളിയിച്ചിരിക്കുകയാണ്. വെണ്ട, തക്കാളി, പച്ചമുളക്, വഴുതിന, പയർ, പൊട്ടിക്ക, പടവലം, ഇളവൻ, ചീര തുടങ്ങിയ ഒട്ടുമിക്ക പച്ചക്കറികളും വിളയുന്നത് മണ്ണിൽ വേരുറപ്പിച്ചല്ല.
യു ട്യൂബിൽ വായിച്ച കൗതുകകരമായ കൃഷിപാഠം, പരീക്ഷിച്ചു നോക്കാൻ രാധാകൃഷ്ണൻ ശ്രമിക്കുകയായിരുന്നു. വലിയ മൺചട്ടികളിലോ ഗ്രോബാഗുകളിലോ വർത്തമാനപത്രം വൃത്തത്തിൽ ചുരുട്ടിവയ്ക്കുകയാണ്. അതിന് മുകളിൽ ചകിരിച്ചോറ് വിതറും. വീണ്ടും കടലാസ് അതിന് മുകളിൽ വെച്ച് കരിയിലകൾ വിതാനിക്കും. വീണ്ടും കടലാസ്. അതിന് മുകളിൽ ചകിരിച്ചോറ്. പിന്നീട് ആട്ടിൻ വളമോ, ചാണകപ്പൊടിയോ വിതറും. കുറച്ച് കടലാസുകൾ ഒന്നിച്ച് വച്ച് അതിന് മുകളിൽ ചകിരിച്ചോറ്, വേപ്പിൻ പുണ്ണാക്ക്, എല്ല് പൊടി എന്നിവ ചേർക്കും.
ഏറ്റവും മുകളിൽ വീണ്ടും ചകിരിച്ചോറ്. അൽപ്പം കുമ്മായ പൊടി മുകളിൽ വിതറി, ഒരാഴ്ച കഴിഞ്ഞ് തൈകൾ നടും. ആദ്യ തവണ വളംവച്ചാൽ പിന്നെ ആ ചെടിയുടെ ആയുസ്സിന്നിടയിൽ പിന്നീട് വളപ്രയോഗം നടത്തേണ്ടതില്ല. ചട്ടിയിൽ കളകൾ വളരില്ല. ഈർപ്പം എപ്പോഴും നിലനിൽക്കും. വൈകീട്ട് കുറച്ച് വെള്ളം മാത്രം നനച്ചാൽ മതിയാകും.
മാഹിയിലെ ഹരിതം കൃഷിക്കൂട്ടായ്മയിലെ സജീവ അംഗമായ രാധാകൃഷ്ണന് വർഷങ്ങളായി മാർക്കറ്റിൽ നിന്നും പച്ചക്കറികൾ വാങ്ങേണ്ടി വരാറില്ല. അതിരാവിലെ യോഗയും കഴിഞ്ഞ്, ആട് പരിപാലനത്തിന് ശേഷം, നേരെ പുറത്തുള്ള ഏണിയും കയറി ടെറസ്സിലെ കൃഷിയിടത്തിലെത്തുന്ന രാധാകൃഷ്ണന് ആത്മനിർവൃതിയേകുന്നത് ഹരിത ചാരുതയിൽ കായ്ച്ചു നിൽക്കുന്ന പലതരം പച്ചക്കറികൾ തന്നെ.