കാസർകോട്: കേരളാ കോൺഗ്രസ് ചെയർമാൻ പി.ജെ ജോസഫ് നേതൃത്വം നൽകുന്ന പാർട്ടിയുടെ ജില്ലാ പ്രസിഡന്റ് ജേക്കബ്ബ് കാനാട്ടും സംസ്ഥാന, ജില്ലാ, നിയോജക മണ്ഡലം ഭാരവാഹികളും പ്രവർത്തകരും അടക്കം നിരവധിപേർ സംസ്ഥാന നേതാക്കളുടെ നിലപാടിൽ പ്രതിഷേധിച്ചു രാജിവച്ചതായി കാസർകോട്ട് വാർത്താസമ്മേളനത്തിൽ അറിയിച്ചു. തിരഞ്ഞെടുപ്പിന് മുമ്പ് ജോസഫ് പി.സി തോമസിന്റെ കേരള കോൺഗ്രസിൽ ലയിച്ചതിനുശേഷം പാർട്ടി പുനഃസംഘടന ഒരു തലത്തിലും നാളിതുവരെ നടന്നിട്ടില്ല.
ജോസഫ് വിഭാഗം ജില്ലാ പ്രസിഡന്റിന്റെ തെറ്റായ നയങ്ങൾക്കും ഏകാധിപത്യത്തിനെതിരെയും പാർട്ടി സംസ്ഥാന നേതൃത്വത്തെ സമീപിച്ചെങ്കിലും സംസ്ഥാനത്തെ നേതാക്കളുടെ തമ്മിലടി തീർക്കാൻ കഴിയാതെ വെറും ഒരു കടലാസ് പാർട്ടിയായി മാറി. പാർട്ടി ചെയർമാൻ പി.ജെ ജോസഫ് മൗനം പാലിക്കുകയാണ്. യു.ഡി.എഫിലെ ഒരു ജില്ലാ നേതാവ്, സ്വകാര്യ ബാങ്ക് അക്കൗണ്ട് കരസ്ഥമാക്കി തിരഞ്ഞെടുപ്പ് ഫണ്ട് സമാഹരിച്ചതായും രാജിവച്ചവർ ആരോപിച്ചു. വാർത്താസമ്മേളനത്തിൽ എം. ഹരിപ്രസാദ് മേനോൻ, ജെയിംസ് മാലൂർ, ടോമി കുമ്പാട്ട്, സിജി കട്ടക്കയം, ബേബി പന്തല്ലൂർ, സിബി മേക്കുന്നിൽ, മുനീർ മഞ്ചേശ്വരം എന്നിവർ സംബന്ധിച്ചു.