പയ്യന്നൂർ: പൊതുജനാരോഗ്യ രംഗത്തെ മികച്ച പ്രവർത്തനത്തിന് പയ്യന്നൂർ ഗവ: താലൂക്ക് ആശുപത്രിക്ക് ലഭിച്ച
കായകല്പ പുരസ്ക്കാരം നഗരസഭ ചെയർപേഴ്സൺ കെ.വി. ലളിത ഏറ്റുവാങ്ങി. ദേശീയ തലത്തിൽ വിവിധ സംസ്ഥാനങ്ങളിൽ മികച്ച പ്രവർത്തനം നടത്തിയ പൊതുജനാരോഗ്യ സ്ഥാപനങ്ങൾക്ക് കേന്ദ്ര ആരോഗ്യ മന്ത്രാലയം നല്‍കുന്ന 2019-20 വർഷത്തെ കായകല്പ പുരസ്‌കാരത്തിന് കേരളത്തിൽ നിന്നും പയ്യന്നൂർ താലൂക്ക് ആശുപത്രിയാണ് 15 ലക്ഷം രൂപയും പ്രശസ്തി പത്രവും അടങ്ങിയ പുരസ്കാരം കണ്ണൂരിൽ നടന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി.ദിവ്യ സമ്മാനിച്ചു. ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ വി.വി. സജിത, താലൂക്ക് ആശുപത്രി സൂപ്രണ്ട് രാജേഷ്, പി.ആർ.ഒ. ജാക്സൺ ഏഴിമല സംബന്ധിച്ചു.
ജില്ല ആശുപത്രി കഴിഞ്ഞാൽ കണ്ണൂർ ജില്ലയിൽ ഏറ്റവുമധികം ആളുകൾ ചികിത്സ തേടുന്ന താലൂക്ക് ആശുപത്രിയാണ് പയ്യന്നൂരിലേത്. മരുന്നും വിവിധ ലാബ് പരിശോധനകളും സൗജന്യമായി ഇവിടെ നിന്നും ലഭിക്കുന്നുണ്ട്. കിഫ്ബി ഫണ്ട് ഉപയോഗിച്ച് ഏഴ് നിലകളുള്ള ആശുപത്രി കെട്ടിടത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ നടന്നുവരികയാണ്.