കാഞ്ഞങ്ങാട്: ലെവൽക്രോസ് നിലനിർത്താൻ അജാനൂർ പഞ്ചായത്ത് ഓരോ വർഷവും മുടക്കുന്നത് ലക്ഷങ്ങൾ. തീരദേശവാസികൾ ഏറ്റവും കൂടുതലായി ആശ്രയിക്കുന്ന ഇക്ബാൽ റെയിൽവേ ഗേറ്റ് (274എ) നിലനിർത്താനാണ് പഞ്ചായത്ത് ഓരോ വർഷവും ദക്ഷിണ റെയിൽവേയ്ക്കു ലക്ഷങ്ങൾ നൽകുന്നത്. 2017-18 വർഷത്തിൽ 25.32 ലക്ഷവും 2018-19 വർഷത്തിൽ 30.07 ലക്ഷവും 2019-20 വർഷത്തിൽ 21.22 ലക്ഷവുമാണ് പഞ്ചായത്ത് റെയിൽവേയ്ക്കു നൽകിയത്. ലെവൽ ക്രോസിൽ ജോലി ചെയ്യുജീവനക്കാരുടെ ശമ്പളം, പെൻഷൻ, അറ്റകുറ്റപ്പണി, ഇതിനു പുറമേ വരുന്ന മറ്റു ചെലവുകൾ എല്ലാം പഞ്ചായത്ത് തന്നെ വഹിക്കണം.
ലെവൽ ക്രോസിനു വേണ്ടി റെയിൽവേയുമായി പഞ്ചായത്ത് ഉണ്ടാക്കിയ കരാറിന്റെ അടിസ്ഥാനത്തിലാണ് വർഷം തോറും പണം നൽകുന്നത്. ഇതിൽ 2016-17 വർഷത്തിൽ സർക്കാർ 3 ലക്ഷം രൂപ പഞ്ചായത്തിനു വേണ്ടി അടച്ചിരുന്നു. ലെവൽ ക്രോസ് നിലനിർത്താൻ ഇതിനകം കോടികളാണ് പഞ്ചായത്ത് തനത് ഫണ്ടിൽ നിന്നു ചെലവഴിച്ചത്. അറ്റകുറ്റപ്പണികൾ വരുമ്പോൾ അതിന്റെ തുകയും റെയിൽവേ പഞ്ചായത്തിൽ നിന്നു തന്നെയാണ് ഈടാക്കുന്നത്. ജില്ലയിൽ അജാനൂർ പഞ്ചായത്ത് മാത്രമാണ് ലെവൽ ക്രോസ് നിലനിർത്താനായി ലക്ഷങ്ങൾ റെയിൽവേയ്ക്കു നൽകുന്നതെന്നു പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ. സബീഷ് പറഞ്ഞു. തീരദേശ ജനത ഏറ്റവും കൂടുതൽ ആശ്രയിക്കുന്ന റെയിൽവേ ഗേറ്റ് ആണിത്.
തൊട്ടടുത്തുള്ള കാഞ്ഞങ്ങാട്, കുശാൽ നഗർ എന്നീ റെയിൽവേ ഗേറ്റുകൾ റെയിൽവേയുടെ നിയന്ത്രണത്തിലാണ്. കോട്ടച്ചേരി മേൽപാലം വരുന്നതോടെ ലെവൽ ക്രോസ് നിലനിർത്തണോ എന്ന കാര്യം പഞ്ചായത്ത് പരിശോധിക്കും. കോട്ടച്ചേരി മേൽപാലത്തിലേക്കുള്ള റോഡ് വീതി കൂട്ടി നവീകരിച്ചാൽ ലെവൽ ക്രോസിന്റെ ആവശ്യം വരില്ല. ഇതിനായുള്ള ശ്രമം പഞ്ചായത്ത് ആരംഭിച്ചിട്ടുണ്ട്.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ. സബീഷ്
എന്തുകൊണ്ട് ഭാരം
പഞ്ചായത്തിന്
തദ്ദേശ സ്ഥാപനങ്ങൾ ഉണ്ടാക്കുന്ന റോഡുകൾക്കും സബ് വേകൾക്കും വേണ്ടി സ്ഥാപിക്കുന്ന ലെവൽ ക്രോസുകളുടെ ചെലവ് അതാത് തദ്ദേശ സ്ഥാപനങ്ങൾ വഹിക്കണമെന്നാണ് റെയിൽവേയുടെ നിലപാട്. ഇക്ബാൽ റോഡിൽ മുൻപു ലെവൽ ക്രോസ് ഉണ്ടായിരുന്നില്ല. ഇവിടെ അപകടം പതിവായതോടെ നാട്ടുകാരുടെ ആവശ്യപ്രകാരമാണു പഞ്ചായത്ത് ഇടപെട്ട് ലെവൽ ക്രോസ് സ്ഥാപിച്ചത്. അജാനൂരിനു പുറമേ കേരളത്തിൽ തദ്ദേശ സ്ഥാപനങ്ങൾ പണമടച്ച് നിലനിർത്തുന്ന 14 ലെവൽ ക്രോസുകൾ വേറെയുമുണ്ട്. ഇതിനായി തദ്ദേശ സ്ഥാപനങ്ങൾ തനത് ഫണ്ടിൽ നിന്നു ലക്ഷങ്ങളാണ് ഓരോ വർഷവും മുടക്കുന്നത്.