കണ്ണൂർ: കർഷകരെ വാഹനം ഇടിച്ച് കൊലപ്പെടുത്തിയതിലും കോൺഗ്രസ് അഖിലേന്ത്യാ നേതാവ് പ്രിയങ്ക ഗാന്ധിയെ അറസ്റ്റ് ചെയ്തതിലും പ്രതിഷേധിച്ച് ഹെഡ്‌പോസ്റ്റ് ഓഫീസിലേക്ക് യൂത്ത് കോൺഗ്രസ് നടത്തിയ മാർച്ചിൽ സംഘർഷം. പൊലീസ് മൂന്ന് തവണ ജലപീരങ്കി പ്രയോഗിച്ചു. ഇതിൽ പ്രതിഷേധിച്ച് പ്രവർത്തകർ റോഡ് ഉപരോധിക്കുകയും ചെയ്തു.
ജില്ലാ കോൺഗ്രസ് ഓഫീസ് പരിസരത്ത് നിന്നും പ്രവർത്തകർ ഹെഡ്‌പോസ്റ്റാഫീസിലേക്ക് മാർച്ച് നടത്തുകയായിരുന്നു. പ്രവർത്തകരെ തടയാൻ പൊലീസ് ബാരിക്കേഡ് ഉയർത്തിയിരുന്നു. ബാരിക്കേഡിന് സമീപം നിന്ന പ്രവർത്തകർക്ക് നേരെയാണ് മൂന്ന് തവണയായി ജലപീരങ്കി പ്രയോഗിച്ചത്. യുവതികളടക്കമുള്ള പ്രവർത്തകർക്ക് ജല പീരങ്കിയേറ്റു. സംസ്ഥാന വൈസ് പ്രസിഡന്റ് റിജിൽമാക്കുറ്റി ഉദ്ഘാടനം ചെയ്തു. സുധീപ് ജെയിംസ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ഭാരവാഹികളായ സന്ദീപ് പാണപ്പുഴ, റിജിൻ രാജ്, നികേത് നാറാത്ത് എന്നിവർ നേതൃത്വം നൽകി.