school

കണ്ണൂർ: കൊവിഡിനു ശേഷം സ്കൂൾ തുറക്കുമ്പോൾ സർക്കാർ, എയ്ഡഡ് വിദ്യാലയങ്ങളിൽ നടപ്പിലാക്കുമെന്ന് പ്രഖ്യാപിച്ച കിച്ചൺ കം സ്റ്റോർ പദ്ധതിയുടെ കാര്യത്തിൽ വ്യക്തതയില്ല. സംസ്ഥാനത്തെ സ്‌കൂൾ ഉച്ചഭക്ഷണ പദ്ധതിയുടെ പരിധിയിൽ വരുന്ന 3,031 സ്‌കൂളുകളിൽ 137.​ 66കോടി രൂപ ചിലവിട്ട് നടപ്പാക്കാൻ തീരുമാനിച്ച പദ്ധതി കൊവിഡ് മൂലം അടച്ചിടൽ വന്നതോടെയാണ് തീരുമാനമാകാതിരുന്നത്.

60 ശതമാനം കേന്ദ്രവിഹിതവും 40 ശതമാനം സംസ്ഥാനവിഹിതവുമുപയോഗിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്. കഴിഞ്ഞവർഷം ജൂണിൽ കേന്ദ്രം വിളിച്ച യോഗത്തിൽ ഡിസംബറിനകം ഇതിനായി മുന്നൊരുക്കം പൂർത്തിയാക്കാൻ നിർദേശം നൽകിയിരുന്നു. മാർച്ചിൽ മുൻകൂറായി സ്‌കൂളുകളുടെ സ്‌പെഷ്യൽ ടി.എസ്.ബി (ട്രസ്റ്റി സേവിംഗ് ബാങ്ക് ) അക്കൗണ്ടിൽ നിക്ഷേപിക്കാനായി തുക കൈമാറിയിരുന്നു. എന്നാൽ മാർച്ച് 15ന് ശേഷം സ്‌പെഷ്യൽ ടി .എസ്.ബി അക്കൗണ്ടിൽ തുക മാറ്റുന്നതിന് ട്രഷറികൾക്ക് നിയന്ത്രണം വന്നു. പിന്നീട് പ്രത്യേക ഉത്തരവ് വഴി മാർച്ച് 31ന് ഈ നിയന്ത്രണം പിൻവലിച്ചു. പ്രധാനാദ്ധ്യാപകർ അന്നു തന്നെ തുക സ്‌കൂൾ സ്‌പെഷ്യൽ ടി.എസ്.ബി അക്കൗണ്ടിലേക്ക് മാറ്റി. എന്നാൽ സ്‌പെഷ്യൽ ടി.എസ്.ബി അക്കൗണ്ടിൽ നിക്ഷേപിച്ച തുക മാർച്ച് 31നു ശേഷം സർക്കാർ ഖജനാവിലേക്ക് തിരിച്ചെടുക്കുമെന്ന ഉത്തരവും വന്നു. തുക സറണ്ടർ ചെയ്യാതെ തന്നെ ട്രഷറിയിൽ ഇതിനോടകം ഇ സബ്മിറ്റ് ചെയ്ത ബില്ലുകൾ കാൻസൽ ചെയ്യാൻ അടിയന്തരനടപടികൾ സ്വീകരിക്കുമെന്നും ഈ ഉത്തരവിലുണ്ടായിരുന്നു.

തിരിച്ച് നൽകാതെ ഫണ്ട്

തുക ലാപ്‌സ് ആകാതിരിക്കാൻ ഇലക്‌ട്രോണിക് ലഡ്ജർ അക്കൗണ്ട് മോണിറ്ററിംഗ് സിസ്റ്റത്തിലേക്ക് മാറ്റാനാണ് ധനകാര്യ വകുപ്പിന്റെ തീരുമാനം. ഇങ്ങനെ മാറ്റുന്ന തുക സാങ്കേതിക പ്രശ്‌നങ്ങൾ ഇല്ലാതെ 2021 ഏപ്രിൽ 15ന് ശേഷം സ്‌കൂളുകൾക്ക് തിരിച്ച് നൽകുമെന്നും നിർമ്മാണം സംബന്ധിച്ച് പി.ടി.എ യ്ക്ക് നിർദ്ദേശം നൽകുമെന്നുമാണ് അധികൃതർ പറഞ്ഞത് . എന്നാൽ നിർദേശം നൽകി മാസങ്ങൾ പിന്നിട്ടിട്ടും പദ്ധതി നടപ്പിലാക്കാൻ യാതൊരു നടപടിയുമുണ്ടായില്ല.

അനുവദിച്ച തുക

100 വരെ കുട്ടികളുള്ള വിദ്യാലയത്തിന് 6 ലക്ഷം

200 വരെ 7,12,992

300 വരെ 7,70,000

300 ന് മുകളിൽ 8,58,976

ഫണ്ട് അനുവദിച്ചിട്ടും പദ്ധതിയുമായി ബന്ധപ്പെട്ട് യാതൊരു നടപടിയുമിപ്പോൾ നടക്കുന്നില്ല.സ്കൂളുകൾ സ്‌പെഷ്യൽ ടി .എസ്.ബി അക്കൗണ്ടിൽ നിക്ഷേപിച്ച തുക സർക്കാർ ഖജനാവിലേക്ക് തിരിച്ചെടുത്തിട്ടും ഇതുവരെ സ്കൂളുകൾക്ക് ലഭിച്ചിട്ടില്ല. 2019 ൽ സ്‌കൂളുകൾ കേന്ദ്രീകരിച്ച് നടന്ന വിവരശേഖരണ പ്രകാരമാണ് സ്‌കൂളുകൾ തിരഞ്ഞെടുത്തത്.

എം. സലാഹുദ്ദീൻ , സംസ്ഥാന പ്രസിഡന്റ് , കെ.പി.എസ്.ടി.എ