1

കാസർകോട്: ദുബായിലെ ജോലി ഉപേക്ഷിച്ച എൻജിനിയർ ദമ്പതികൾ കമുകിൻ പാളയിൽ വിസ്മയം തീർക്കുമ്പോൾ പ്ലാസ്റ്റിക് മാലിന്യത്തിൽനിന്ന് നാടിനെ രക്ഷിക്കുക എന്ന സ്വപ്നംകൂടിയാണ് സഫലമാകുന്നത്. കാസർകോട് ചാളക്കടവിലെ ദേവകുമാർ നാരായണനും ഭാര്യ കൊല്ലം തേവന്നൂർ സ്വദേശി ശരണ്യയും പാളയിൽ ഒരുക്കുന്നത് 18 ഉത്പന്നങ്ങൾ.

2014 മുതൽ ദുബായിലായിരുന്നു ബി.ടെക് ബിരുദധാരിയായ ദേവകുമാർ. 2017 ൽ വിവാഹം കഴിഞ്ഞതോടെ സിവിൽ എൻജിനിയറിംഗിൽ എം.ടെക് ബിരുദധാരിയായ ശരണ്യയും അവിടെയെത്തി ജോലിയിൽ കയറി. നല്ല ശമ്പളം ലഭിച്ചിരുന്നെങ്കിലും നാടിനിണങ്ങിയ സംരംഭമായിരുന്നു സ്വപ്നം. കമുക് ധാരാളമുള്ള മടിക്കൈയിലേക്ക് കണ്ണെത്തിയത് അങ്ങനെയാണ്. കർണ്ണാടകയിലും തമിഴ്‌നാട്ടിലും പോയി ഇതു സംബന്ധിച്ച് പഠിച്ചു. ഏഴു സ്ത്രീകൾക്ക് പരിശീലനവും നൽകി. 2018 ൽ ചാളക്കടവിൽ 'ലെസ് പേപ്പർ, ലെസ് പ്ലാസ്റ്റിക്' എന്ന ആശയം വരുന്ന 'പാപ് ല' പിറന്നു. വ്യവസായ വകുപ്പിൽനിന്നു ലഭിച്ച അഞ്ചു ലക്ഷം വായ്പകൂടി ചേർത്താണ് 22 ലക്ഷം മുടക്കി രണ്ടു മെഷീൻ വാങ്ങിയത്.

ലാഭം 30 ശതമാനം

കൊവിഡിനു മുമ്പ് മാസം 60,000 ലേറെ പ്ളേറ്റുകൾ ഉണ്ടാക്കിയിരുന്നു. രണ്ടു ലക്ഷം രൂപവരെ ടേൺഓവറും 30 ശതമാനത്തോളം ലാഭവുമായി പച്ചപിടിക്കുമ്പോഴാണ് കൊവിഡ് പ്രതിസന്ധി വന്നുപെട്ടത്. അതോടെ ഉത്പാദനം കുറഞ്ഞു. പൊതുചടങ്ങുകൾ പഴയപടി ആയാലേ വേണ്ടത്ര മാർക്കറ്റുണ്ടാവൂ. കയ്യൂർ, പൊതാവൂർ, മയ്യൽ തുടങ്ങിയ 10 കിലോമീറ്ററിനുള്ളിൽ വരുന്ന 50 കർഷകരിൽ നിന്നാണ് പാള ശേഖരിക്കുന്നത്. കറുപ്പ് വീഴാത്ത പച്ചപ്പാളകൾ എടുത്തുവയ്ക്കാൻ പ്രത്യേകം പറയും.

പാളയിൽ വിടരുന്നത്

സ്പൂൺ, ഐസ്ക്രീം ബൗൾ, പ്ളേറ്റ്, പാർസൽ ബോക്‌സ്, ഡ്രോയിംഗ് പാഡ്, ക്ലോക്ക് തുടങ്ങി ബാഡ്‌ജ് വരെയുള്ള ഉത്പന്നങ്ങളാണ് നിർമ്മിക്കുന്നത്. ഹൈപ്പർ മാർക്കറ്റുകളിലും കടകളിലും പാപ് ലയുടെ ഉത്പന്നങ്ങൾ ലഭിക്കും. ഓൺലൈൻ ബിസിനസും വിദേശത്തേക്കു കയറ്റുമതിയും ഉണ്ട്.

''നാടിനോട് നീതി പുലർത്താൻ കഴിയുമെന്ന വിശ്വാസത്തിലാണ് കമ്പനി തുടങ്ങിയത്. കൊവിഡ് നീങ്ങിയാൽ ബിസിനസും മെച്ചപ്പെടുമെന്നുറപ്പുണ്ട്.

-ദേവകുമാർ നാരായണനും ഭാര്യ ശരണ്യയും

1 രൂപയുടെ പാള ഉത്പന്നമാകുമ്പോൾ ലഭിക്കുന്നത് ശരാശരി 5 രൂപ

ഉത്പന്നങ്ങളുടെ വില 1 മുതൽ 16 രൂപവരെ