കണ്ണൂർ: സംസ്ഥാനത്ത് തൊഴിലുറപ്പ് പദ്ധതി കൂടുതൽ കുറ്റമറ്റതും ക്രിയാത്മകവും ആക്കുന്നതിന്റെ ഭാഗമായി അടിമുടി പരിഷ്കരിക്കുന്നു. തൊഴിലെടുക്കാതെ ഉഴപ്പുന്നവർക്കെതിരെ കർശന നടപടിയെടുക്കാനും നീക്കമുണ്ട്.
പ്രതിവർഷം കോടിക്കണക്കിന് രൂപ വിനിയോഗിക്കുന്ന മേഖലയിൽ നിന്ന് പര്യാപ്തമായ ഫലം ലഭിക്കുന്നില്ലെന്ന ആക്ഷേപം ശക്തമാണ്. ഇതിന്റെ ഭാഗമായി കൃഷി, ജലസേചനം, മൃഗ സംരക്ഷണം, ക്ഷീര വികസനം, പട്ടിക ജാതി പട്ടിക വർഗ്ഗ വികസനം തുടങ്ങിയ വിവിധ വകുപ്പുകളുമായി സഹകരിച്ച് വിവിധ വികസന പ്രവർത്തനങ്ങൾക്ക് തൊഴിലുറപ്പ് തൊഴിലാളികളുടെ സേവനം ഉപയോഗിക്കും. നിലവിൽ ശുചീകരണം, അടിക്കാടുവെട്ടൽ തുടങ്ങിയവ പോലുള്ള പ്രാഥമിക പ്രവൃത്തികളിലാണ് തൊഴിലാളികൾ പ്രധാനമായും ഏർപ്പെടുന്നത്.
വ്യത്യസ്ത വകുപ്പുകളിലെ നിർമാണ പ്രവർത്തനങ്ങളിൽ ഇനി തൊഴിലുറപ്പ് തൊഴിലാളികളുടെ സേവനം ലഭ്യമാക്കും. തൊഴിലാളികൾക്ക് ലഭ്യമാകേണ്ട സാങ്കേതിക സഹായവും പരിശീലനവും നൽകേണ്ടത് അതത് വകുപ്പുകളുടെ ചുമതലയായിരിക്കും.
ഭൂവികസന പ്രവർത്തനങ്ങൾ ഏറ്റെടുക്കും
കാർഷികമേഖലയിൽ തരിശുഭൂമി കൃഷിക്ക് ഉപയുക്തമാക്കുന്നതിനായി ഭൂവികസന പ്രവർത്തനങ്ങൾ ഏറ്റെടുക്കും. ഇതോടൊപ്പം തരിശുഭൂമി കണ്ടെത്തി കൃഷി ചെയ്യുന്നതിന് ആവശ്യമായ വിത്ത്, വളം എന്നിവയും സാങ്കേതിക സഹായവും കൃഷി വകുപ്പിന്റെ സഹായത്തിലൂടെ ലഭ്യമാക്കും. ജലസേചന വകുപ്പിന്റെ സാങ്കേതിക സഹായത്തോടെ പുതിയ കനാലുകളുടെയും കാർഷിക കുളങ്ങളുടെയും ജലസേചന കിണറുകളുടെയും നിർമാണം, നിലവിലുള്ള കനാലുകളുടെ പുനരുദ്ധാരണം എന്നിവയും ഏറ്റെടുക്കും.
പ്രവർത്തനങ്ങൾ ഇങ്ങനെയും
പ്രകൃതി വിഭവ പരിപാലനം, നീർത്തട വികസനം, വൃക്ഷവത്കരണ പ്രവൃത്തികൾ, മഴക്കുഴികൾ, ജൈവവേലി, തടയണകൾ, നീർച്ചാലുകളുടെ വശങ്ങൾ സംരക്ഷിക്കൽ
അങ്കണവാടികളുടെ നിർമ്മാണം, ന്യൂട്രി ഗാർഡൻ നിർമിക്കൽ, അങ്കണവാടി ടോയ്‌ലറ്റുകളുടെ നിർമാണം
സർക്കാർ സ്‌കൂളുകൾക്ക് ചുറ്റുമതിൽ, പാചകപ്പുര, ഭക്ഷണശാല, കളിസ്ഥലം, മഴവെള്ള സംഭരണി, ഫലവൃക്ഷ തോട്ടം എന്നിവ നിർമിക്കൽ. ഇതിനായി വിദ്യാഭ്യാസ വകുപ്പ് വിദ്യാലയങ്ങൾ കണ്ടെത്തി പ്രവർത്തനങ്ങൾ ഏകോപിപ്പിക്കും.
പൂർണമായും പരിഷ്കരിച്ചായിരിക്കും ഇനി തൊഴിലുറപ്പ് പദ്ധതി. ഓരോ വകുപ്പിൽ നിന്നും തൊഴിലുറപ്പ് പദ്ധതിയിലേക്ക് അടിയന്തരമായി ഏറ്റെടുക്കാവുന്ന പ്രവർത്തനങ്ങൾ സംബന്ധിച്ച് അതത് വകുപ്പ് മേധാവികൾ അറിയിക്കണമെന്ന് നിർദ്ദേശം നൽകിയിട്ടുണ്ട്.
ബി. അബ്‌സുൽ നാസർ ,
ഡയറക്ടർ, തൊഴിലുറപ്പ് പദ്ധതി മിഷൻ