footpath
വെയിലിൽ ബസ് കാത്തുനിൽക്കുന്ന യാത്രക്കാർ

കാഞ്ഞങ്ങാട്: നഗരത്തിൽ പൊരിവെയിലിൽ വെന്തുരുകി യാത്രക്കാർ. പാണത്തൂർ, കാസർകോട്, ഉദുമ, കല്ലൂരാവി, ആയമ്പാറ, ഉദയപുരം, ബന്തടുക്ക, പാലക്കുന്ന്, മടിക്കൈ തുടങ്ങിയ സ്ഥലങ്ങളിലേക്കുള്ള രോഗികളും, വൃദ്ധരും, കുഞ്ഞുങ്ങളുമടക്കമുള്ള നൂറുകണക്കിന് യാത്രക്കാരാണ് ദിവസവും കാഞ്ഞങ്ങാട് പട്ടണത്തിലെത്തുന്നത്. തങ്ങളുടെ നാട്ടിലേക്കുള്ള ബസിനായുള്ള കാത്തിരിപ്പ് ചിലപ്പോൾ മണിക്കൂറുകൾ നീളും. കൈക്കുഞ്ഞുങ്ങളടക്കം പൊരിവെയിലത്തും, പെരുമഴയത്തും കഷ്ടപ്പെടുന്ന കാഴ്ച ദയനീയം.

യാത്രക്കാർ കടവരാന്തയിലും ഫുട്ട്പാത്തിലും കൂട്ടംകൂടി നിൽക്കുന്നത് പലപ്പോഴും വാഗ്വാദങ്ങളിലേക്കും സംഘർഷങ്ങളിലേക്കും കടക്കാറുണ്ട്. സ്‌കൂൾ തുറക്കുന്നതോടെ യാത്രക്കാരുടെ എണ്ണം പതിന്മടങ്ങ് വർദ്ധിക്കും. ഫുട്പാത്തിലൂടെ പിന്നെ തട്ടിയും മുട്ടിയുമായിരിക്കും യാത്ര. യാത്രക്കാർക്ക് വെയിലിൽ നിന്നും മഴയിൽ നിന്നും ആശ്വാസമേകാൻ കാത്തിരിപ്പ് കേന്ദ്രങ്ങൾക്കായുള്ള കാത്തിരിപ്പ് ഇനിയും എത്രനാൾ വേണ്ടിവരും എന്നാണ് യാത്രക്കാരുടെ ചോദ്യം.

സമഗ്രമായ ട്രാഫിക് പരിഷ്‌കാരത്തിന് നഗരസഭ നടപടി സ്വീകരിക്കുകയാണ്. ഇതിന്റെ പ്രാഥമിക പ്രവർത്തനങ്ങൾ പൂർത്തിയായിട്ടുണ്ട്. ഗതാഗത സംവിധാനം പരിഷ്‌കരിക്കുന്നതോടെ കോട്ടച്ചേരിയിൽ റോഡിന്റെ പടിഞ്ഞാറു ഭാഗം ബസ് കാത്തു നിൽക്കുന്നവർക്കായി സൗകര്യം ഉണ്ടാകും.

നഗരസഭ ചെയർപേഴ്സൺ കെ.വി സുജാത


നടപ്പാതയിൽ ബസ് കാത്തുനിൽക്കുമ്പോൾ വ്യാപാരികളുമായി തർക്കമുണ്ടാകുന്നു. നടപ്പാതയിലല്ലെങ്കിൽ വെയിലിലോ മഴയിലോ നിൽക്കണം. വൃദ്ധരായ യാത്രക്കാർക്ക് ഇത് പ്രയാസമാണ്. നഗരസഭ തന്നെയാണ് യാത്രക്കാരുടെ ദുരിതം തീർക്കാൻ നടപടി സ്വീകരിക്കേണ്ടത്.

സാമൂഹ്യ പ്രവർത്തക എം. ശാരദ