mosque
വളപട്ടണത്തെ കക്കുളങ്കര പള്ളി

വളപട്ടണം: കേരളത്തിലെ ഏറ്റവും പഴക്കം ചെന്ന മുസ്ലീം പള്ളികളിൽ ഒന്നായ വളപട്ടണത്തെ കക്കുളങ്കര പള്ളിയുടെ പൈതൃക സംരക്ഷണത്തിനു വേണ്ടി ടൂറിസം വകുപ്പ് ഒരു കോടി രൂപ കിഫ്ബി ഫണ്ട് ഉപയോഗിച്ച് നവീകരിക്കുമെന്ന് ടൂറിസം മന്ത്രി മുഹമ്മദ് റിയാസ് കെ.വി സുമേഷ് എം.എൽ.എ ഉന്നയിച്ച സബ്മിഷനു മറുപടിയായി നിയമസഭയിൽ പറഞ്ഞു.

പള്ളിയുടെ നവീകരണത്തിനായി കേരള ഇറിഗേഷൻ ഇൻഫ്രാസ്ട്രെക്ചർ ഡെവലപ്മെന്റ് കോർപ്പറേഷനെ ചുമതലയേൽപ്പിച്ചിട്ടുണ്ടെന്നും പദ്ധതിയുടെ പ്രവൃത്തി ആരംഭിക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.

അറക്കൽ - ചിറക്കൽ രാജവംശത്തിന്റെ മതസൗഹാർദ്ദത്തിന്റെ വളരെ പ്രധാനപ്പെട്ട കേന്ദ്രമാണ് കക്കുളങ്കര പള്ളി. ആയിരത്തിലേറെ വർഷങ്ങൾക്കു മുമ്പ് ഖാസി മുഹമ്മദാണ് പള്ളി സ്ഥാപിച്ചത്. വളപട്ടണത്തെ ഖാസിഭവൻ എന്നാണ് പള്ളി അറിയപ്പെടുന്നത്. അറക്കൽ-ചിറക്കൽ രാജവംശങ്ങളുടെ ആചാരപരമായ പല ചടങ്ങുകളിലും ഖാസിയുടെയും പള്ളിയുടെയും സ്ഥാനം പ്രധാനമായിരുന്നു. ഖാസിക്ക് അധികാരപ്പട്ടം സമ്മാനിക്കുന്നത് ചിറക്കൽ രാജാവാണ് എന്നതും ശ്രദ്ധേയമാണ്. കേരളത്തിലെ പ്രധാന പുരാതന വാണിജ്യ നഗര കേന്ദ്രമായ വളപട്ടണത്തിന്റെ പൈതൃക സ്വത്താണ് കക്കുളങ്കരപള്ളി.