തളിപ്പറമ്പ്: കനത്ത മഴയിൽ കടകളിൽ ചെളിവെള്ളം കയറി. കപ്പാലത്തെ 10 ഓളം വ്യാപാര സ്ഥാപനങ്ങളിലാണ് ചെളിവെള്ളം കയറിയത്. തളിപ്പറമ്പ് -ഇരിട്ടി സംസ്ഥാനപാത നവീകരണത്തിന്റെ ഭാഗമായി നടത്തിയ അശാസ്ത്രീയ നിർമ്മിതി കാരണമാണ് വലിയ രീതിയിൽ വെള്ളം കയറാനിടയത്.
വലിയ മഴപെയ്താൽ കടകളിൽ വെള്ളം കയറുമെന്ന ഭീതിയിൽ നഗരസഭാ അധികൃതർക്ക് ഇവർ നേരത്തെ തന്നെ പരാതി നൽകിയിരുന്നു. തുടർന്ന് ഉദ്യോഗസ്ഥരെത്തി പരിശോധനയും നടത്തി. എന്നാൽ രണ്ടാഴ്ച മുൻപ് റോഡ് നവീകരണവുമായി ബന്ധപ്പെട്ട് കരാറുകാർ നിലവിലുള്ള ഓവുചാലിന്റെ പകുതിയിലേറെ ഭാഗം കൈയേറി റോഡിന് സംരക്ഷണ ഭിത്തി നിർമ്മിച്ചതോടെയാണ് ദുരിതം വർദ്ധിച്ചതെന്ന് ഇവർ പറയുന്നു.
കഴിഞ്ഞ ദിവസത്തെശക്തമായ മഴയിൽ ഓവുചാലിലൂടെ ഒഴുകിയെത്തുന്ന ചെളിവെള്ളം കടന്നുപോകാൻ വഴിയില്ലാതെ വ്യാപാര സ്ഥാപനങ്ങൾക്ക് അകത്ത് കയറയുകയായിരുന്നു. കഴിഞ്ഞ രണ്ട് ദിവസമായി ചെയ്യുന്ന കനത്ത മഴയിൽ വ്യാപാര സമുച്ചയത്തിലെ പത്തോളം കടമുറികളിലാണ് വെള്ളം കയറിയത്. അവധി കഴിഞ്ഞ് കടകൾ തുറന്നപ്പോഴാണ് ചെളിവെള്ളം കയറി സാധനങ്ങൾ നശിച്ചത് ഇവർ അറിയുന്നത്.