തൃക്കരിപ്പൂർ: വൈദ്യുതി ട്രാൻസ്ഫോഫോർമറുകളുടെ മുകളിലേക്ക് ചാഞ്ഞുകിടക്കുന്ന കൂറ്റൻ തണൽ മരത്തിന്റെ ശാഖ അപകട ഭീഷണി ഉയർത്തുന്നു. തങ്കയം താലൂക്ക് ആശുപത്രി പരിസരത്തെ ഏറെ തിരക്കേറിയ ഭാഗത്ത് സ്ഥിതി ചെയ്യുന്ന വൈദ്യുതി വകുപ്പിന്റെ രണ്ടു ട്രാൻസ്ഫോർമറുകളാണ് ഭീഷണി നേരിടുന്നത്. ഇതിൽ ഒന്ന് ആശുപത്രിയുടെ വൈദ്യുതി വിതരണത്തിനും രണ്ടാമത്തേതിന്റെ ഗുണഭോക്താക്കൾ പ്രദേശവാസികളുമാണ്. അപ്രതീക്ഷിത ന്യൂനമർദ്ദങ്ങളും മറ്റും രൂപപ്പെട്ട് കാലാവസ്ഥയാകെ പെട്ടെന്ന് താറുമാറാകുന്ന വർത്തമാന കാലത്ത് കാറ്റോ മഴയോ ശക്തിപ്രാപിച്ചാൽ മരത്തിന്റെ ശാഖ തകർന്നു വീഴുന്നത് അപകടത്തിനിടയാക്കും. പ്രദേശത്തെ വ്യാപാരികളും ഓട്ടോ തൊഴിലാളികളും ഇക്കാര്യത്തിൽ ആശങ്കയിലാണ്. നൂറുകണക്കിന് രോഗികളെത്തുന്ന ആശുപത്രിയുടെ കവാടവും, ബസ് സ്റ്റോപ്പും, ഓട്ടോ സ്റ്റാൻഡുമൊക്കെ ഈ ലൈനുകളുടെ കീഴിലും പരിസരങ്ങളിലുമാണ്.