plus-one

കണ്ണൂർ:ജില്ലയിൽ പ്ലസ് വൺ പ്രവേശനത്തിന്റെ രണ്ടാം ഘട്ട അലോട്ട്‌മെന്റ് കഴിഞ്ഞപ്പോൾ പതിനായിരത്തിലധികം വിദ്യാർത്ഥികൾ പുറത്ത്. വെറും 21 സീറ്റ് മാത്രമാണ് ഇനി ജില്ലയിൽ ബാക്കിയുള്ളത്.ഹയർസെക്കൻ‌ഡറി സീറ്റുകളേക്കാൾ ഇരട്ടി വിദ്യാർത്ഥികളായിരുന്നു ഇത്തവണ പ്ലസ്‌വൺ പ്രവേശനത്തിന് അപേക്ഷിച്ചത്. എന്നാൽ ഇത്രയും അപേക്ഷകർക്ക് നൽകാനുള്ള സീറ്റുകൾ ജില്ലയിൽ നിലവിലില്ല. കൂടുതൽ ബാച്ച് അനുവദിക്കണമെന്ന ആവശ്യം സർക്കാർ പരിഗണിച്ചിട്ടുമില്ല.
ബാക്കിയുള്ള വിദ്യാർത്ഥികൾക്ക് ഓപ്പൺ സംവിധാനത്തെ ആശ്രയിക്കേണ്ടി വരും സീറ്റ് കിട്ടാത്തവരിൽ ഫുൾ എ പ്ലസുകാർ പോലുമുണ്ടെന്നതാണ് ആശ്ചര്യം.

എസ്.എസ്.എൽ.സി പരീക്ഷ എഴുതിയ 34,481 വിദ്യാർത്ഥികളാണ് ഇക്കുറി ജില്ലയിൽ ഉപരിപഠന യോഗ്യത നേടിയത്. ഇതിൽ 11,816 വിദ്യാർത്ഥികൾക്ക് മുഴുവൻ വിഷയങ്ങളിലും എപ്ലസ് ലഭിച്ചു. നിലവിൽ സയൻസ് 13200,​ കൊമേഴ്സ് 9050,​ഹ്യൂമാനിറ്റീസ് 5800 എന്നിങ്ങനെയാണ് പ്ളസ് വൺ സീറ്റുകളുള്ളത്. 20 ശതമാനം വർദ്ധിപ്പിക്കുമ്പോൾ 5100 സീറ്റുകൾ കൂടും.എന്നാൽ തന്നെയും ബാക്കിയുള്ളവർക്ക് ഓപ്പൺ സംവിധാനത്തെ ആശ്രയിക്കേണ്ടിവരും.

ഇതിനു പുറമെ സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ വിജയികളും ഗൾഫിൽ നിന്നുള്ളവരും പ്ലസ് വണ്ണിന് ജില്ലയിൽ അപേക്ഷിച്ചിട്ടുണ്ട്. ജില്ലയിലെ സീറ്റുകളുടെ ക്ഷാമം പരിഹരിക്കാൻ ബാച്ചുകളുടെ വർദ്ധനവ് വേണമെന്നാണ് വിദ്യാർത്ഥി സംഘടനകൾ ഉൾപ്പടെ നിർദേശിക്കുന്ന പരിഹാരം.

കണ്ണൂർ ജില്ല

പ്ളസ് വൺ സീറ്റ് 25406

ആദ്യ അലോട്ട്മെന്റിൽ 37289

രണ്ടാംഘട്ടം 6868

ബാക്കി സീറ്റ് 21

പുറത്ത് 11,904

സീറ്റുകൾക്ക് പകരം ബാച്ചുകളാണ് വർദ്ധിപ്പിക്കേണ്ടതാണ്.സീറ്റ് വർദ്ധിപ്പിക്കുന്നത് കാലങ്ങളായുള്ള കീഴ്വക്കവും അപ്രായോഗികവുമായ നിലപാടുമാണ്.

മുഹമ്മദ് ഷമ്മാസ് ,കെ.എസ്.യു ജില്ലാ പ്രസിഡന്റ്