കണ്ണൂർ: ഡൽഹി - കണ്ണൂർ സെക്ടറിൽ എയർ ഇന്ത്യ പ്രതിദിന സർവീസ് പുനരാരംഭിക്കണമെന്ന ആവശ്യവുമായി ഡോ. വി. ശിവദാസൻ എം.പി കേന്ദ്ര വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യക്ക് കത്തയച്ചു.
കാസർകോട്, കണ്ണൂർ, വയനാട് ജില്ലകളിലെയും, കോഴിക്കോട് ജില്ലയിലെ വടകര താലൂക്ക് ഉൾപ്പെടെയുള്ള പ്രദേശങ്ങളിലെയും കർണ്ണാടക സംസ്ഥാനത്തിന്റെ കേരളത്തോട് ചേർന്നുള്ള സ്ഥലങ്ങളിലെയും യാത്രക്കാർ ആഭ്യന്തര, അന്തർദേശീയ യാത്രകൾക്ക് വേണ്ടി ഉപയോഗപ്പെടുത്തുന്ന ഒരു പ്രധാനപ്പെട്ട വിമാനത്താവളമാണ് കണ്ണൂർ അന്താരാഷ്ട്രാ വിമാനത്താവളം. കണ്ണൂരിൽ എയർപോർട്ട് ആരംഭിച്ചത് മുതൽ ഡൽഹി കണ്ണൂർ സെക്ടറിൽ എയർ ഇന്ത്യ പ്രതിദിന സർവീസ് നടത്തുന്നുണ്ട്.
ദിവസേന സർവീസ് നടത്തിയിരുന്ന ഈ മേഖലയിൽ ഇപ്പോൾ ആഴ്ചയിൽ രണ്ട് സർവീസുകൾ മാത്രമാണ് എയർ ഇന്ത്യ നടത്തുന്നത്. കണ്ണൂർ ജില്ലയുടെയും സമീപപ്രദേശങ്ങളിലേയും ടൂറിസം ഉൾപ്പെടെയുള്ള മേഖലകളിലെ സാദ്ധ്യതകൾ വർദ്ധിപ്പിക്കാനും കണ്ണൂരിന്റെ കൈത്തറി കരകൗശല ഉത്പാദന വിപണന സാധ്യതകൾ കൂടുതൽ വിപുലപ്പെടുത്തുന്നതിനും വിമാനസർവീസുകളുടെ എണ്ണം വർദ്ധിപ്പിക്കേണ്ടത് പ്രധാനമാണ്. വിഷയത്തിൽ എത്രയും പെട്ടെന്ന് ഇടപെട്ട് അനുകൂലമായ നടപടി കൈക്കൊള്ളണമെന്ന് എം.പി ആവശ്യപ്പെട്ടു.