kottachery-railway-o-b-1
നിർമ്മാണം പൂർത്തിയായ കോട്ടച്ചേരി റെയിൽവെ മേൽപാലം പാലത്തിനു മുകളിൽ ആക്ഷൻ കമ്മിറ്റി കൺവീനർ എ ഹമിദ് ഹാജിയും മറ്റും

കാഞ്ഞങ്ങാട്: തീരദേശത്തെ ജനങ്ങളുടെ ചിരകാല അഭിലാഷമായ കോട്ടച്ചേരി റെയിൽവെ മേൽപ്പാലം നിർമ്മാണം പൂർത്തിയായി. രണ്ടു ഭാഗത്തെയും അപ്രോച്ച് റോഡുകളുടെ ടാറിംഗ് മാത്രമേ ബാക്കിയുള്ളൂ. തുടർച്ചയായി പത്തു ദിവസം വെയിൽ കിട്ടിയാൽ ടാറിംഗ് നടക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. ഡിസംബറിനുള്ളിൽ പാലം ഗതാഗതത്തിന് തുറന്നുകൊടുക്കാനാണ് തീരുമാനം.

2020 ഡിസംബറോടെ നിർമ്മാണം പൂർത്തിയാകുമെന്നായിരുന്നു കണക്കുകൂട്ടിയിരുന്നത്. എന്നാൽ അപ്രതീക്ഷിതമായുണ്ടായ കൊവിഡ് നിർമ്മാണ പ്രവർത്തനത്തെ ബാധിച്ചു. അതോടെയാണ് ഒരു വർഷം വൈകി നിർമ്മാണം പൂർത്തീകരിച്ചത്. 38 കോടിയാണ് പാലത്തിന്റെ മൊത്തം എസ്റ്റിമേറ്റ്. ഇതിൽ 21 കോടി സ്ഥലമുടമകൾക്ക് നഷ്ടപരിഹാരം നൽകുന്നതിനായിരുന്നു. ബാക്കി തുകയാണ് പാലത്തിനു വേണ്ടി ചിലവഴിച്ചത്. കൊച്ചി ആസ്ഥാനമായുള്ള ജിയോജിത്ത് കൺസ്ട്രക്ഷനാണ് കരാറുകാർ. ഇതിൽ പാളത്തിനു മുകളിലുള്ള ഭാഗത്തിന്റെ നിർമ്മാണചുമതല റെയിൽവെയ്ക്കാണ്.

പദ്ധതി പ്രഖ്യാപിച്ചത് 2003ൽ

സ്ഥലമെടുപ്പ് തുടങ്ങിയത് 2010ൽ.

കേസിൽ തീർപ്പായത് 2015ൽ

തറക്കല്ലിട്ടത് 2018 ഏപ്രിൽ 14 ന്

സമാന്തര റോഡിന് ആവശ്യം ശക്തം.
കാഞ്ഞങ്ങാട്: റെയിൽവെ മേൽപ്പാലം നിർമ്മാണം പൂർത്തിയായി ഗതാഗതത്തിന് തുറന്നുകൊടുക്കുമ്പോൾ തീരദേശത്തെ വലിയൊരു വിഭാഗത്തിന് പാലത്തിന്റെ ഗുണഭോക്താക്കളാകാൻ കഴിയില്ലെന്ന് പരാതി. അവർക്ക് വീണ്ടും റെയിൽവെ ഗേറ്റ് തന്നെ ആശ്രയം. അജാനൂർ കടപ്പുറം ഭാഗത്തു നിന്നുള്ള ജനങ്ങൾക്കാണ് പാലം ഗുണകരമാകാത്തത്. ഇഖ്ബാൽ ഗേറ്റിലേക്ക് പാലം തുടങ്ങുന്നിടത്തുനിന്നും സമാന്തര റോഡ് ഉണ്ടായാൽ മാത്രമെ പാലത്തിലേക്ക് പ്രവേശിക്കാൻ പറ്റൂ. ഇത്തരമൊരാവശ്യം തീരദേശത്തെ ജനങ്ങൾ ശക്തമായി ഉന്നയിച്ചു തുടങ്ങിയിട്ടുണ്ട്.