thiruvangad
തിരുവങ്ങാട് അടിപ്പാത

തലശ്ശേരി: ആസൂത്രണത്തിലെ വൈകല്യം മൂലം ലക്ഷങ്ങൾ ചിലവഴിച്ച് നിർമ്മിച്ച തിരുവങ്ങാട്ടെ റെയിൽവെ അടിപ്പാത, വാഹനങ്ങൾക്കും വഴിയാത്രക്കാർക്കും ഒരുപോലെ പേടി സ്വപ്നം.

കനത്തമഴയിൽ ഇവിടം ഒഴുക്കള്ള ഓവുചാലായി മാറും. മേൽഭാഗം മുട്ടും വിധം വെള്ളം പൊങ്ങും. പിന്നെ വെള്ളം വറ്റുന്നതു വരെ എല്ലാവരുടേയും യാത്ര മുടങ്ങും. നാട്ടുകാർ വഴി നടക്കേണ്ട ഗുഹ പോലുള്ള വഴിയിൽ രാത്രിയായാൽ എന്നും കുരിരുട്ട്, വലിയ വാഹനങ്ങൾക്ക് പ്രവേശന വിലക്കും.

'ലവൽ ക്രോസ് രഹിത റോഡെന്ന കാഴ്ചപ്പാടിൽ, തിരുവങ്ങാടിന്റെ യാത്രാവഴി സുഗമമാക്കാൻ ലക്ഷങ്ങൾ ചിലവിട്ട് പണിത അടിപ്പാത ഇപ്പോൾ ലക്ഷ്യം തെറ്റിയ നിലയിലാണുള്ളത്. പട്ടർ ഗേറ്റെന്ന വിളിപ്പേരുള്ള മൂന്നാം ഗേറ്റിൽ റെയിൽവെ പണിത അടിപ്പാത ഇപ്പോൾ നാടിന്റെ മുന്നിൽ ചോദ്യചിഹ്നമായി നിൽപ്പാണ്.

2019 ഡിസംബറിൽ അടിപ്പാത നിർമ്മിച്ചു തുടങ്ങിയതു മുതൽ തടസ്സങ്ങളായിരുന്നു. പ്രളയം, കാലവർഷം, കൊവിഡ്... തട്ടിയും മുട്ടിയും ഇഴഞ്ഞും രണ്ട് വർഷം കൊണ്ടാണ് പൂർത്തിയാക്കാനായത്. ഇക്കഴിഞ്ഞ മാർച്ച് 26 മുതൽ ഇതു വഴി ചെറു വാഹനങ്ങൾ ഓട്ടം തുടങ്ങി. എന്നാൽ മേൽഭാഗം ഉയരം കുറവായതിനാൽ വലിയ വാഹനങ്ങൾക്ക് കടന്നു പോവാനായില്ല. ഇതിനിടെ ആദ്യ മഴയിൽത്തന്നെ അടിപ്പാതയിൽ വെള്ളവും കയറി കെട്ടിക്കിടന്നതോടെ ഒരു വാഹനത്തിനും ഇതുവഴി കടന്നു പോവാനാവാതായി. കാൽനട പോലും അസാദ്ധ്യമായതോടെ മഴക്കാലത്ത് അടിപ്പാത പൂർണ്ണമായും നോക്കുകുത്തിയായി.

ഏറ്റവും ഒടുവിൽ കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത മഴയിലും അടിപ്പാത പൂർണ്ണമായും വെള്ളത്തിലായി. സമീപത്തെ വലിയ ഓവുചാൽ, അടിപ്പാത നിർമ്മാണത്തിനിടെ തടസ്സപ്പെട്ടതാണ് മഴവെള്ളം കെട്ടിക്കിടക്കാൻ ഇടയാക്കിയത്. കാലവർഷം തുടങ്ങിയാൽ സമീപത്തെ വീടുകളും വെള്ളക്കെട്ടിലാവുന്ന നിലയുണ്ട്. അപകടം ഒഴിവാക്കാൻ നാട്ടുകാർ മിക്കവരും ഇരട്ട പാളം മുറിച്ച് കടന്ന് മറുകര എത്തുന്നത് കൂടുതൽ അപകടത്തിന് ഇടവരുത്തുമെന്ന ആശങ്കയുണ്ട്.

മുന്നറിയിപ്പ് അവഗണിച്ചു

നിർമ്മാണ ഘട്ടത്തിൽ നാട്ടുകാർ ചൂണ്ടിക്കാട്ടിയ അപാകതകളൊന്നും പരിഹരിക്കാൻ അധികൃതർ തയ്യാറായിരുന്നില്ല. നഗരസഭാംഗം എൻ. രേഷ്മ അധികൃതരെ നിർമ്മാണ ഘട്ടത്തിൽ തന്നെ ഇക്കാര്യങ്ങളെല്ലാം അക്കമിട്ട് ധരിപ്പിച്ചിരുന്നുവെങ്കിലും, തുടർ നടപടികളുണ്ടായില്ല. ഭാവി മുന്നിൽ കണ്ടുള്ള ഒരു നീക്കവുമുണ്ടായില്ല.

മുടങ്ങിയത് എളുപ്പവഴി
പഴയ ബസ് സ്റ്റാൻഡിലെ തിരക്കൊഴിവാക്കാൻ തലശ്ശേരി മാഹി പ്രദേശങ്ങളിലേക്കുള്ള എളുപ്പവഴിയായിരുന്നു ഈ റോഡ്. ഗതാഗതക്കുരുക്കൊഴിവാക്കാൻ ഈ റോഡ് അടിപ്പാത വരും മുമ്പ് ഏറെ പ്രയോജനപ്പെട്ടിരുന്നു.
എന്നാൽ ഇപ്പോൾ ഇടുങ്ങിയ അടിപ്പാത ഉയരമില്ലാത്തതും, വളവു തിരിവുകളും, കയറ്റിറക്കങ്ങളുമുള്ളതിനാൽ അപകടങ്ങൾ ക്ഷണിച്ചു വരുത്തും.

ചിത്രവിവരണം: തിരുവങ്ങാട് അടിപ്പാത