അഴീക്കോട് : അഴീക്കൽ ലൈറ്റ് ഹൗസിന് സമീപം കടത്തീരത്ത് നീലത്തിമിംഗലത്തിന്റെ ജഡം കണ്ടെത്തി. രണ്ട് ടൺ ഭാരവും 30 മീറ്റർ നീളവുമുള്ള തിമിംഗലമാണ് വയറിന് പുറക് വശത്ത് പരിക്കേറ്റ നിലയിൽ ഇന്നലെ രാവിലെ ഒൻപതോടെ തീരത്ത് അടിഞ്ഞത്.
കോസ്റ്റൽ പൊലീസും മാർക്ക് സംഘടന അംഗങ്ങളും , നാട്ടുകാരും ചേർന്ന് ഏറെ നേരത്തെ പ്രയത്‌നത്തിനൊടുവിലാണ് ജഡം കയർകെട്ടി വലിച്ച് തീരത്തേക്ക് അടുപ്പിച്ചത്. തളിപറമ്പ് ഫാേറസ്റ്റ് സെക്ഷൻ ഓഫീസർമാരായ വി രതീഷൻ, ഷാജഹാൻ എന്നിവർ ചേർന്ന് ജഡം പരിശോധന നടത്തി. ജില്ല വെറ്റിനറി ഓഫീസിലെ ചീഫ് വെറ്റിനറി ഓഫീസർ ഡോ. കെ മുരളീധരൻ, ഡോ. റാണി ജോസഫ്, ഡോ. മുസഫീർ എന്നിവർ ചേർന്ന് പോസ്റ്റ് മാർട്ടം നടത്തി. വൈകുന്നേരത്തോടെ അഴീക്കൽ തീരത്ത് തിമിംഗലത്തെ മറവ് ചെയ്തു. കഴിഞ്ഞ ദിവസം കൊല്ലം ജില്ലയിലെ ആലപ്പാട്ട് നിന്നും മീൻപിടുത്തത്തിന് പോയ മത്സ്യത്തൊഴിലാളികളുടെ വലയിൽ കുടുങ്ങിയ തിമിംഗലത്തെ രക്ഷപ്പെടുത്തിയിരുന്നു