കൂത്തുപറമ്പ് : ചിറ്റാരിപ്പറമ്പിലെ സി.പി.എം ലോക്കല്‍ കമ്മറ്റിയംഗം ജി. പവിത്രനെ വെട്ടിക്കൊലപ്പെടുത്തിയ പ്രത്യേക അന്വേഷണ സംഘത്തിനുനിർണായക തെളിവ് ലഭിച്ചു.പവിത്രനെ കൊലപ്പെടുത്തിയ സംഘം സഞ്ചരിച്ച രക്തക്കറ പുരണ്ട ബൊലേറൊ ജീപ്പ് ഡിവൈ.എസ്.പി വിക്രമന്റെ നേതൃത്വത്തിലുള്ള ക്രൈംബ്രാഞ്ച് പ്രത്യേക അന്വേഷണസംഘം കണ്ടെത്തി.
പാറാലിൽനിന്നു കസ്റ്റഡിയിലെടുത്ത ജീപ്പ് ധർമടം സ്റ്റേഷനിലെത്തിച്ച ശേഷം ഫോറൻസിക് സംഘം നടത്തിയ പരിശോധനയിലാണ് ജീപ്പിൽ രക്തക്കറ കണ്ടെത്തിയിട്ടുള്ളത്.പവിത്രനെ കൊലപ്പെടുത്തിയ സംഘം സഞ്ചരിച്ച ഈ ജീപ്പ് പിന്നീട് മറ്റൊരാൾക്കു വിൽപന നടത്തിയതായും പ്രാഥമികാന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്.
പടുവിലായി മോഹനൻ വധക്കേസിൽ അറസ്റ്റിലായ ആർ.എസ്.എസ് പ്രവർത്തകൻ പള്ളൂർ ചെമ്പ്രയിലെ എമ്പ്രാന്റവിടെ സുബീഷ് എന്ന കുപ്പി സുബീഷിന്റെ കുറ്റസമ്മത മൊഴിയെത്തുടർന്നാണ് പവിത്രൻ വധക്കേസിൽ പ്രത്യേക അന്വഷണ സംഘത്തിനു സർക്കാർ രൂപം നൽകിയത്.ഇതോടൊപ്പം എൻ.ഡി.എഫ് പ്രവർത്തകൻ ഫസൽ, സി.പി.എം പ്രവർത്തകൻ ജിജേഷ് എന്നിവരെ കൊലപ്പെടുത്തിയ സംഭവങ്ങളിലും കുപ്പി സുബീഷ് നിർണായക വെളിപ്പെടുത്തലുകൾ നടത്തിയിരുന്നു.ഫസൽ വധക്കേസിൽ സി.ബി.ഐ പുനഃരന്വേഷണം നടത്തുന്നതിനിടയിലാണ് പവിത്രൻ വധക്കേസിൽ നിർണായക തെളിവുകൾ ക്രൈംബ്രാഞ്ചിനു ലഭിച്ചിട്ടുള്ളത്.
2009 മാർച്ച് 21നാണ് കേസിനാസ്പദമായ സംഭവം നടന്നത്.