babu
ബാബു

കണ്ണൂർ: കഴിഞ്ഞ 20 വർഷമായി ഒാർമ്മവിസ്മയം തീർക്കുകയാണ് കണ്ണൂർ മുനിസിപ്പൽ ഹയർസെക്കൻഡറി സ്കൂൾ ചിത്രകലാ അദ്ധ്യാപകനായ ഏച്ചൂർ സ്വദേശി പി.കെ. ബാബു. വസ്തുക്കളെ നമ്പർ പ്രകാരം പറഞ്ഞാൽ നിഷ്പ്രയാസം ഒാർമ്മയിൽ നിന്നെടുത്ത് ആരോഹണ,​ അവരോഹണ ക്രമത്തിൽ ഫോട്ടോഗ്രാഫിക് മെമ്മറിയിൽ ബാബു പറയും.

ഇത്തരത്തിൽ വസ്തുക്കളെ തെറ്റാതെ പറഞ്ഞ് ഒന്ന് മുതൽ 275 വരെയാണ് ഇദ്ദേഹത്തിന്റെ റെക്കോർഡ്. കൗതുകം, വിജ്ഞാനം, വിനോദം എന്നിവയെ മുൻ നിർത്തി ബാബു വേദികളിൽ അവതരിപ്പിക്കുന്ന ഈ പരിപാടി ഇതിനോടകം 700 വേദികൾ പിന്നിട്ടുകഴിഞ്ഞു. വിദ്യാഭ്യാസ പരിപാടിയായതിനാൽ കുട്ടികൾ ഏറെ ഇഷ്ടപ്പെടുന്ന പരിപാടിയാണിത്. ഒാർമ്മ എങ്ങനെ ദീർഘകാലത്തേക്ക് സൂക്ഷിക്കാമെന്നാണ് ഇതിലൂടെ പഠിപ്പിക്കുന്നത്.

വേദിയിൽ ബാബു കണ്ണ് കെട്ടിയിരിക്കും സംഘാടകർ പിന്നിൽ വച്ചിട്ടുള്ള ബോർഡിൽ സദസ്സിലുള്ളവർ പറയുന്ന ക്രമത്തിൽ ഒാരോ സാധനങ്ങളെയും രേഖപ്പെടുത്തും. അവസാനം ഇതെല്ലാം ബാബു ആരോഹണ, അവരോഹണ ക്രമത്തിലും ഇടയിൽ നിന്നുമെല്ലാം ഒാർത്തെടുത്തു പറയുമ്പോൾ മുന്നിലിരിക്കുന്ന സദസ് വിസ്മയിക്കും. നേരത്തെ ഒാർമ്മയിലുള്ള വസ്തുക്കളുമായി സദസ്സിലുള്ളവർ പറയുന്ന ഒാരോന്നിനെയും ബന്ധിപ്പിച്ചാണ് ഇത്തരത്തിൽ തെറ്റാതെ പറയുന്നതെന്ന് ബാബു പറഞ്ഞു. ഫോട്ടോഗ്രാഫിക്ക് മെമ്മറി എന്നാണ് ഇതിനെ വിളിക്കുന്നത്.

പരിശീലനം വീട്ടിൽ നിന്നും

യാദൃച്ഛികമായി 50 വസ്തുക്കളെ വീട്ടിലുള്ളവരോട് എഴുതാൻ പറഞ്ഞ് അതിൽ 48 വസ്തുക്കളെ തെറ്റാതെ പറഞ്ഞാണ് ബാബു ഇൗ രംഗത്തേക്ക് കടന്നത്. എൻ.എസ്.എസ് ക്യാമ്പുകളിലും മറ്റുമാണ് പരിപാടി കൂടുതലായും അവതരിപ്പിച്ചത്. തമിഴ്നാട്, ഗുജറാത്ത്, ഡൽഹി എന്നിവിടങ്ങളിലും വിവിധ ക്യാമ്പുകളിൽ പരിപാടി അവതരിപ്പിച്ചിട്ടുണ്ട്. ചെറുപ്പം മുതൽ തന്നെ വരയിലും കണ്ണുകെട്ടി ചെസിലും വൈദഗ്ദ്ധ്യം നേടിയിട്ടുണ്ട്. കണ്ണ് കെട്ടുമ്പോൾ കൂടുതൽ ഏകാഗ്രത ലഭിക്കുമെന്നാണ് ഇദ്ദേഹത്തിന്റെ വാദം. കൊവിഡ് മൂലം കഴിഞ്ഞ ഒന്നര വർഷമായി വേദികളിൽ പരിപാടി അവതരിപ്പിക്കുന്നില്ല. ദിവ്യ ലക്ഷ്മിയാണ് ഭാര്യ. അദീപ് ഡി. ബാബു, ആദിഷ് ഡി. ബാബു എന്നിവർ മക്കളാണ്.