ചെറുവത്തൂർ (കാസർകോട്): തെരുവ് നായയുടെ കടിയേറ്റ ഏഴുവയസുകാരൻ മൂന്ന് ഡോസ് വാക്സിനെടുത്തിട്ടും പേ വിഷബാധയേറ്റ് മരിച്ചു. ആലന്തട്ട വലിയപൊയിൽ തോമസിന്റെയും എം.കെ. ബിന്ദുവിന്റെയും മകൻ എം.കെ. ആനന്ദാണ് മരിച്ചത്. ആലന്തട്ട എ.യു.പി സ്കൂൾ രണ്ടാം ക്ലാസ് വിദ്യാർത്ഥിയാണ്.
കഴിഞ്ഞമാസം 13നാണ് വീട്ടുമുറ്റത്ത് കൂട്ടുകാർക്കൊപ്പം കളിക്കുകയായിരുന്ന ആനന്ദിനെ നായ കടിച്ചത്. മറ്റ് കുട്ടികൾ ബഹളമുണ്ടാക്കിയതിനെ തുടർന്ന് വീട്ടുകാർ ഓടിയെത്തിയാണ് കുട്ടിയെ രക്ഷിച്ചത്. മുഖത്ത് പരിക്കേറ്റ ആനന്ദിനെ ഉടൻ രക്ഷിതാക്കൾ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലെത്തിച്ച് പേ വിഷബാധയ്ക്കെതിരായ ആദ്യഡോസ് വാക്സിൻ നൽകിയിരുന്നു. തുടർന്ന് രണ്ട് ഡോസ് വാക്സിൻ കൂടി എടുത്തിരുന്നു. എന്നാൽ മൂന്നു ദിവസം മുമ്പ് ആനന്ദ് ശാരീരിക അസ്വസ്ഥത പ്രകടിപ്പിച്ചു. രക്ഷിതാക്കൾ ഉടൻ കുട്ടിയെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഇന്നലെ മരിച്ചു. സഹോദരൻ: അനന്തു.