കാസർകോട്: പഴയ സ്വർണാഭരണങ്ങൾ വാങ്ങി വിൽപന നടത്തുന്ന മഹാരാഷ്ട്ര സംഗ്ളിയിലെ രാഹുൽ മഹാദേവ് ജാവേറിനെ തട്ടിക്കൊണ്ടുപോയി 65 ലക്ഷം കവർന്ന സംഭവത്തിൽ അറസ്റ്റിലായ പനമരം നടവയൽ കായക്കുന്ന് കിഴക്കേതുമ്പത്ത് ഹൗസിൽ അഖിൽ ടോമി (24), തൃശൂർ കുട്ടനല്ലൂർ എളംതുരുത്തി ചിറ്റിലപള്ളി ഹൗസിലെ ബിനോയ് സി. ബേബി (25), വയനാട് പുൽപ്പള്ളി പെരിക്കല്ലൂർ പുത്തൻപുരക്കൽ ഹൗസിലെ അനു ഷാജു (28) എന്നിവരെ കാസർകോട് ജുഡീഷ്യൽ ഒന്നാംക്ലാസ് മജിസ്‌ട്രേട്ട് കോടതി റിമാൻ‌ഡ് ചെയ്തു.
ചോദ്യം ചെയ്യലിനും തെളിവെടുപ്പിനു ശേഷം ഇവരെ ഇന്നലെ ഉച്ചയോടെയാണ് കോടതിയിൽ ഹാജരാക്കിയത്. കേസിൽ ഒമ്പത് പ്രതികളാണുള്ളത്. ആറുപ്രതികൾ പിടിയിലാകാനുണ്ടെന്നും കൊള്ളയ്ക്ക് നേതൃത്വം നൽകിയ ആളെയുൾപ്പെടെ തിരിച്ചറിഞ്ഞതായും പൊലീസ് പറഞ്ഞു.

കഴിഞ്ഞ മാസം 22 ന് മൊഗ്രാൽ പുത്തൂർ കടവത്ത് വച്ചാണ് കാറുകളിലെത്തിയ സംഘം വ്യാപാരിയെ തട്ടിക്കൊണ്ടുപോയി കൈയിലുണ്ടായിരുന്ന പണം കൊള്ളയടിച്ചത്. പ്രതികളെ കൂടുതൽ ചോദ്യം ചെയ്യുന്നതിനും തെളിവെടുപ്പുകൾക്കും കസ്റ്റഡിയിൽ വാങ്ങുന്നതിന് കോടതിയിൽ ഹരജി നൽകുമെന്ന് പൊലീസ് പറഞ്ഞു.