koithu
യന്ത്ര തകരാറുകാരണം പ്രവർത്തിക്കാൻ കഴിയാതെ ചെളിയിൽ ആണ്ടുകിടക്കുന്ന ജില്ലാ പഞ്ചായത്തിന്റെ കൊയ്ത്തു യന്ത്രം

പട്ടുവം: കർഷകരെ ചൂഷണത്തിൽ നിന്ന് രക്ഷിക്കാനായി കൊണ്ടുവന്ന ജില്ലാ പഞ്ചായത്തിന്റെ കൊയ്ത്തുയന്ത്രം പണിമുടക്കിയതോടെ അധികൃതരുടെ തന്ത്രങ്ങൾ പാളി. മുതുകുട ഈസ്റ്റ് പാടശേഖരത്താണ് ചെളിയിൽ ആണ്ടുകിടക്കുന്ന ജില്ലാ പഞ്ചായത്തിന്റെ കൊയ്ത്തു യന്ത്രം നോക്കുകുത്തിയായത്.

കൊയ്ത്തുകാലത്ത് അന്യസംസ്ഥാനങ്ങളിൽ നിന്നും പട്ടുവം പാടം ലക്ഷ്യമിട്ടെത്തുന്ന കൊയ്ത്തു യന്ത്രക്കാരുടെ ചൂഷണത്തിൽ നിന്ന് കർഷകരെ രക്ഷിക്കാനാണ് ജില്ലാ പഞ്ചായത്തിന്റെ കൊയ്ത്തുയന്ത്രം മംഗലശ്ശേരി പാടങ്ങളിൽ എത്തിച്ചത്. ഫ്‌ളോറാ വാലി നാച്വറൽ ഫാമിംഗ് ഫാർമേഴ്സ് പ്രൊഡ്യുസേഴ്സ് കമ്പനി, മംഗലശ്ശേരി എന്ന സ്ഥാപനമാണ് ഇതിനുള്ള നേതൃത്വം നല്കിയത്. എന്നാൽ കൊയ്ത്തുയന്ത്രം രണ്ടുനാൾ കൊയ്തപ്പോഴേക്കും ഗിയർ ബോക്സിൽ എന്തോ പൊട്ടി പാടത്തുനിന്ന് നീങ്ങാനാവാതെയായി.

ചെളിയിൽ ആണ്ടുകിടക്കുന്ന കൊയ്ത്തുയന്ത്രം കർഷകർക്ക് നിരാശയായി. ഏതാണ്ട് 20 ദിവസമായി യന്ത്രം ചെളിയിൽ ആണ്ടുകിടക്കുമ്പോൾ പട്ടുവത്തെ പാടങ്ങൾ ഏതാണ്ട് കൊയ്തുതീർന്ന അവസ്ഥയിലാണ്.

കർഷകന് നഷ്ടം തന്നെ

പട്ടുവത്തെ ഒരു കർഷകൻ ജില്ലാ പഞ്ചായത്ത് അംഗം ആബിദ ടീച്ചറെ വിവരം അറിയിച്ചതുകൊണ്ടാണ് പട്ടുവം കൃഷി ഓഫീസിൽ വിവരമെത്തിയത്. അന്യസംസ്ഥാന കൊയ്ത്തുയന്ത്രത്തിന് മണിക്കൂറിന് 2600-2700 രൂപ വാടക ഈടാക്കുമ്പോൾ ജില്ലാ പഞ്ചായത്ത് മെഷീന് 2400 രൂപയാണ് ഈടാക്കുന്നത്.