പിലിക്കോട്: പിലിക്കോട് കോൺഗ്രസ് പ്രവർത്തകർ തമ്മിൽ ചേരിതിരിഞ്ഞ് ഏറ്റുമുട്ടി. മാദ്ധ്യമ പ്രവർത്തകനു നേരെയും കൈയേറ്റമുണ്ടായി. ഇന്നലെ ഉച്ചയ്ക്ക് രണ്ട് മണിയോടെ പിലിക്കോട് ഫൈൻ ആർട്സ് ഹാളിന് സമീപത്ത് വച്ചാണ് സംഭവം. ഭാരതീയ സ്വാതന്ത്ര്യം പ്ലാറ്റിനം ജൂബിലി ആഘോഷത്തിന്റെ ജില്ലാതല ഉദ്ഘാടന ചടങ്ങിനെ ചൊല്ലിയാണ് തർക്കം ഉടലെടുത്തത്.

കാസർകോട് ഡി.സി.സി. പ്രസിഡന്റ് പി.കെ ഫൈസൽ പോലും അറിയാതെയാണ് കോൺഗ്രസിലെ ഒരു വിഭാഗം പിലിക്കോട് പരിപാടി സംഘടിപ്പിച്ചതെന്ന ആക്ഷേപവുമായി മണ്ഡലം പ്രസിഡന്റ് നവീൻ ബാബുവിന്റെ നേതൃത്വത്തിലുള്ള ഒരു വിഭാഗം കോൺഗ്രസുകാർ രംഗത്തെത്തുകയായിരുന്നു. സംസ്കാരയുടെ മറവിൽ ഗ്രൂപ്പ് യോഗമാണ് വിളിച്ചതെന്നാരോപിച്ചായിരുന്നു തർക്കം.

കെ.പി.സി.സി നിർവാഹക സമിതിയംഗം കെ.പി കുഞ്ഞിക്കണ്ണനെതിരെയാണ് നവീൻ ബാബുവിന്റെ നേതൃത്വത്തിലുള്ള സംഘം പ്രശ്നമുണ്ടാക്കിയതെന്ന് കുഞ്ഞിക്കണ്ണനെ അനുകൂലിക്കുന്നവർ പറഞ്ഞു. പിലിക്കോട് ഫൈൻ ആർട്സ് ഹാളിനോട് ചേർന്നുള്ള ദേശീയപാതയിലാണ് ഇരുപത്തോളം കോൺഗ്രസ് പ്രവർത്തകർ ചേരി തിരിഞ്ഞ് ഏറ്റുമുട്ടിയത്. ഈ ദൃശ്യങ്ങൾ പകർത്താൻ എത്തിയ പ്രാദേശിക ചാനൽ കാമറമാൻ ഷാക്കിർ എ.ജിയുടെ കാമറ നശിപ്പിക്കാൻ ശ്രമിച്ചതായും പരാതിയുണ്ട്.