തലശ്ശേരി: മഴ പെയ്താലും ഇല്ലെങ്കിലും പൊന്ന്യം പാലം പി.എം മുക്കിൽ വെള്ളക്കെട്ട് തന്നെ. അശാസ്ത്രീയമായ രീതിയിൽ ഓവുചാൽ നിർമ്മിച്ചതാണ് ഇവിടെ വെള്ളക്കെട്ട് രൂക്ഷമാകാൻ കാരണം. ഒരുവശം ചെരിഞ്ഞു കിടക്കുന്ന റോഡിന്റെ മറുവശത്ത് ഓവുചാൽ നിർമ്മിക്കുകയും വെള്ളം കെട്ടിക്കിടക്കുന്ന ഭാഗത്ത് ഓവുചാൽ നിർമ്മിക്കാത്തതുമാണ് പൊന്ന്യംപാലത്തിനും പി.എം മുക്കിനും മദ്ധ്യേ ട്രാൻസ്‌ഫോമറിന് സമീപം വെള്ളക്കെട്ട് ഉടലെടുക്കുന്നതെന്ന് നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു.
രണ്ട് വർഷം മുമ്പാണ് നാദാപുരം -കതിരൂർ റോഡായ ഇവിടെ ഉയർത്തിക്കെട്ടി മെക്കാഡം ടാർ ചെയ്തത്. അന്ന് ഈ ഭാഗത്ത് ഓവുചാൽ ഉണ്ടായിരുന്നില്ല. നാട്ടുകാരുടെ സമ്മർദ്ദത്തിന് വഴങ്ങിയാണ് 6 മാസം മുമ്പ് പി.ഡബ്ല്യു.ഡി ഈ ഭാഗത്ത് ഓവുചാൽ നിർമ്മിച്ചത്. എന്നാൽ അശാസ്ത്രീയമായ രീതിയിൽ ഓവുചാൽ നിർമ്മിച്ചതു കാരണം വെള്ളക്കെട്ട് മാറി കിട്ടിയില്ല. കൂടാതെ ഓവ് നിർമ്മിക്കാത്ത ഭാഗത്ത് റോഡരികിൽ കോൺക്രീറ്റ് ചെയ്തതിനാൽ വെള്ളം ഭൂമിക്കടിയിൽ പോകാതെ എല്ലാ സമയത്തും വെള്ളം കെട്ടി നിൽക്കുന്ന അവസ്ഥയും സംജാതമായി.
സമീപത്തെ വാട്ടർ അതോറിറ്റി പൈപ്പ് പൊട്ടിയിട്ട് മാസങ്ങളോളമായി. ബന്ധപ്പെട്ടവരുടെ ശ്രദ്ധയിൽ പെടുത്തിയിട്ടും പരിഹാരം മാർഗം സ്വീകരിച്ചില്ല. ഇതുകാരണം മഴ പെയ്താലും ഇല്ലെങ്കിലും ഇവിടെ വെള്ളക്കെട്ട് പതിവാണ്. വെള്ളക്കെട്ട് കാരണം പരിസരവാസികളും കച്ചവടക്കാരും കാൽനട യാത്രക്കാരും ഒരുപോലെ ദുരിതത്തിലാണ്.
മന്ത്രിയെ അറിയിച്ചിട്ടും രക്ഷയില്ല!
വാഹനങ്ങൾ തുരുതുരാ കുതിച്ചു പോകുമ്പോൾ കാൽനട യാത്രക്കാർ അഴുക്കുവെള്ളത്തിൽ മാറി നിൽക്കേണ്ടുന്ന അവസ്ഥയാണ്. സ്ഥിരമായി വെള്ളംകെട്ടി നിൽക്കുന്നതിനാൽ കൊതുക് ശല്യവും വർദ്ധിച്ചു. ഇതൊക്കെ കാണിച്ച് പ്രദേശത്തെ മാദ്ധ്യമ പ്രവർത്തകൻ പി.എം അഷ്രഫ് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിന് പരാതി നൽകിയതിന്റെ അടിസ്ഥാനത്തിൽ പി.ഡബ്‌ള്യു.ഡി അധികൃതർ മൂന്ന് മാസം മുമ്പ് വന്ന് പരിശോധന നടത്തിയെങ്കിലും, തുടർനടപടി ഉണ്ടായില്ലെന്നാണ് നാട്ടുകാരുടെ പരാതി.