raman
രാമൻ കുളം

പയ്യന്നൂർ: വെള്ളൂരിന്റെ പ്രധാന ലാന്റ് മാർക്കായി നിലകൊണ്ടിരുന്ന രാമൻ കുളം ഇനി മധുരമായ ഓർമ .ദേശീയപാത വികസനത്തിന്റെ ഭാഗമായി കുളം നികത്തുന്നതോടെ രണ്ടര നൂറ്റാണ്ടിലേറെ കാലത്തെ ചരിത്രത്തിനു കൂടിയാണ് തിരശീല വീഴുന്നത് .വെള്ളോറ തറവാട്ടു കാരണവർ രാമപൊതുവാളാണ് ജലസേചനത്തിനായി ഈ കുളം നിർമ്മിച്ചത് .രാമ പൊതുവാൾ പണി കഴിപ്പിച്ച കുളം പിന്നീട് രാമൻ കുളം എന്നറിയപ്പെടാൻ തുടങ്ങി .ജാതി മത ഭേദമന്യേ എല്ലാ ജനങ്ങൾക്കുമായാണ് കുളം നിർമ്മിച്ചത് .

1953 ൽ ചിണ്ടൻ മൂത്ത പൊതുവാൾ കുളം പയ്യന്നൂർ ഗ്രാമ പഞ്ചായത്തിന് വിട്ടു നൽകിയിരുന്നു .കൃഷിപ്പണിക്കും ,വഴിയാത്രക്കാർക്കുമായി കുളത്തിന് പടിഞ്ഞാറു ഭാഗത്ത് തണ്ണീർ പന്തലും ചുമടുതാങ്ങിയും ഏർപ്പെടുത്തിയിരുന്നു . കാലക്രമത്തിൽ പയ്യന്നൂർ ഗ്രാമ പഞ്ചായത്ത് നഗരസഭയായി പരിണമിച്ചപ്പോൾ കുളം നഗരസഭയുടെ കീഴിലായി.

ദേശീയ പാതാ വികസനത്തിന്റെ പേരിൽ സ്ഥലം നഷ്ടപ്പെടുന്ന സ്വകാര്യ വ്യക്തികൾക്ക് പൊന്നും വില ലഭിക്കുമ്പോൾ രാമൻകുളം നഗരസഭയുടെ അധീനതയിലുള്ളതായതിനാൽ സൗജന്യമായാണ് ദേശീയപാതാ അധികൃതർ ഏറ്റെടുക്കുന്നത് .

അത്യുഷ്ണത്തിലും ജലസമൃദ്ധം

കടുത്ത വേനലിൽ പോലും പോലും വെള്ളം വറ്റാതിരുന്ന കുളം പരിസര വാസികൾക്ക് വളരെ വലിയ ആശ്വാസം കൂടിയായിരുന്നു .അത്യുഷ്ണത്തിൽ വറ്റി വരണ്ടേക്കാവുന്ന പല കിണറുകൾക്കും ജീവ ജലം നൽകിയിരുന്നത് രാമൻ കുളത്തിലെ നിലയ്ക്കാത്ത ഉറവയായിരുന്നു . ദേശീയ പാതാ വികസനത്തിനു വേണ്ടി കുളം നികത്തപ്പെടുമ്പോൾ അനുയോജ്യമായ സ്ഥലത്ത് പൊതുകുളം നിർമ്മിച്ച് നൽകണമെന്നാണ് നാട്ടുകാരുടെ ആവശ്യം .

നീന്തൽമത്സരങ്ങൾക്കും വേദി

നിരവധി അക്വാറ്റിക്ക് ചാമ്പ്യൻഷിപ്പുകൾക്കും ,മറ്റും സ്ഥിരം വേദിയാണ് രാമൻ കുളം .വർഷങ്ങളായി പ്രദേശ വാസികളും സമീപവാസികളുമടക്കം നിരവധി പേരാണ് നീന്തൽ പരിശീലനത്തിനായി കുളത്തെ ആശ്രയിക്കുന്നത്. സ്‌പോർട്സ് കൗൺസിലിനു കീഴിൽ പയ്യന്നൂരിൽ പ്രവർത്തിച്ചു വന്ന റൂറൽ സ്‌പോർട്സ് കോച്ചിംഗ് സെന്ററിന്റെ നേതൃത്വത്തിൽ 1981 മുതൽ സൗജന്യ നീന്തൽ പരിശീലനവും ആരംഭിച്ചിരുന്നു . പയ്യന്നൂർ അഗ്‌നി രക്ഷാ സേന ഫയർ ടെന്റർ വാഹനങ്ങളിലടക്കം വെള്ളം നിറക്കാനും ഇവിടെയാണ് വരാറുള്ളത് .