airpor

മട്ടന്നൂർ: കണ്ണൂരിൽനിന്നു വിദേശരാജ്യങ്ങളിലേക്കുള്ള ചരക്കുനീക്കത്തിന് വഴിതെളിഞ്ഞു. അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നുള്ള എയർ കാർഗോ സർവീസ് 16 ന് പ്രവർത്തനമാരംഭിക്കും. രാവിലെ 10ന് മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി ഉദ്ഘാടനം ചെയ്യും.
1,200 ചതുരശ്രമീറ്റർ വിസ്തീർണ്ണമുള്ള കാർഗോ കോംപ്ലക്‌സിന് 12,000 ടൺ ചരക്ക് ഉൾക്കൊള്ളുവാൻ പ്രാപ്തിയുണ്ട്. ഭക്ഷ്യവസ്തുക്കൾ, കാർഷിക ഉൽപ്പന്നങ്ങൾ എന്നിവയ്ക്ക് കോൾഡ് സ്‌റ്റോറേജ് സംവിധാനവുമുണ്ട്. ഇലക്ട്രിക്ക് ഡാറ്റ ഇന്റർചേഞ്ച് സംവിധാനത്തിലൂടെയാണ് ചരക്കുനീക്കം നിയന്ത്രിക്കുന്നത്. കാർഗോ സർവീസിനുള്ള ട്രയൽറണ്ണും മറ്റും ഉടൻപൂർത്തിയാക്കുമെന്ന് കിയാൽ അധികൃതർ അറിയിച്ചു.കാർഗോ സംവിധാനത്തിന് ആവശ്യമായ കസ്റ്റംസ് ഉദ്യോഗസ്ഥരെ ഇതിനകം നിയമിച്ചിട്ടുണ്ട്

വിദേശ വിമാനകമ്പനികളുടെ സർവീസ് തുടങ്ങുന്നതിനുള്ള പോയിന്റ് ഓഫ് കാൾ ലഭിക്കാത്തതിനാൽ സാമ്പത്തികപ്രതിസന്ധി അനുഭവിക്കുന്ന കിയാലിന് കാർഗോ സർവീസ് ഏറെ സഹായകമാവും. മലബാറിന്റെ എയർ കാർഗോ ഹബ് എന്ന നിലയിൽ കണ്ണൂരിനെ വികസിപ്പിക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് കിയാലും സർക്കാരും.


കാർഗോ കോംപ്ളക്സ് നിർമ്മാണം പുരോഗമിക്കുന്നു
. ഏഴായിരം ചതുരശ്രമീറ്റർ വിസ്തൃതിയുള്ള കാർഗോ കോപ്ലക്‌സിന്റെ നിർമ്മാണവും പുരോഗമിക്കുകയാണ്. സാധാരണ ചരക്കുകൾ കൈകാര്യംചെയ്യാനുള്ള സൗകര്യത്തിനുപുറമേ പച്ചക്കറി, പഴം, മത്സ്യ മാംസം, പൂക്കൾ, മരുന്നുകൾ, സുഗന്ധദ്രവ്യങ്ങൾ എന്നിവ കേടുകൂടാതെ സൂക്ഷിക്കാനും കയറ്റി അയക്കാനുമുള്ള സൗകര്യവും ഉണ്ടാകും.
ഇതുപൂർത്തിയാവുന്നതോടെ രാജ്യാന്തര കാർഗോകൾ പൂർണ്ണമായും ഇവിടേക്ക് മാറ്റും. ചെറിയ കാർഗോ കോംപ്ലക്‌സ് ആഭ്യന്തര ചരക്കുനീക്കത്തിനു മാത്രമായും ഉപയോഗിക്കും. കണ്ണൂരിലും സമീപ ജില്ലകളിലും കർണാടകയിലെ കുടക് മേഖലയിലും ഉൽപ്പാദിക്കുന്ന കാർഷിക വിളകൾക്കും മറ്റും അന്താരാഷ്ട്ര വിപണി കണ്ടെത്താൻ കാർഗോ സഹായകമാകും.