തൃക്കരിപ്പൂർ:എം.സുരേഷും മുഹമ്മദ് റാഫിയുമടക്കം നിരവധി ദേശീയ, സംസ്ഥാന ഫുട്ബാൾ താരങ്ങളെ സംഭാവന ചെയ്ത തൃക്കരിപ്പൂർ പ്രദേശത്തെ കുട്ടികൾ ഇത്തിരി സമയം പന്തുതട്ടാൻ ഒരിടം കിട്ടാത്ത നിരാശയിൽ.നടക്കാവിലുള്ള പഞ്ചായത്ത് മൈതാനത്തിന്റെ പകുതി ഭാഗം പുതുതായി അനുവദിക്കപ്പെട്ട പോളിടെക്നിക്കിനും ബാക്കി സിന്തറ്റിക് സ്റ്റേഡിയത്തിനുമായി പോയപ്പോൾ ഫുട്ബാളിനെ ചോരയിൽ കൊണ്ടുനടക്കുന്ന കുട്ടികൾക്ക് വളർന്നുവരാനുള്ള സാഹചര്യം അടയുകയായിരുന്നു.
മൂന്നുകോടി ചിലവിട്ട് നിർമ്മിച്ച സിന്തറ്റിക് സ്റ്റേഡിയം കമ്പിവേലി കെട്ടി അടച്ചു.ഇവിടെ രജിസ്ട്രേഡ് ക്ളബ്ബുകളുടെ പരിശീലനം മാത്രമാണ് നടക്കുന്നത്. പോളിടെക്നിക്കിന്റെ ഗ്രൗണ്ട് വൈകിട്ട് ഒരു മണിക്കൂറെങ്കിലും നൽകണമെന്ന കുട്ടികളുടെ അപേക്ഷ അധികൃതർ തള്ളി. കാമ്പസിനകത്തെ മൈതാനം പുറത്തു നിന്നുള്ളവർക്ക് ഉപയോഗിക്കാൻ നൽകാൻ നിയമം അനുവദിക്കുന്നില്ലെന്നും താൽക്കാലിക ആവശ്യത്തിനാണെങ്കിൽ ഒരു നിശ്ചിത ഫീസ് ഈടാക്കി നൽകാമെന്നുമാണ് ഗവ പോളി ടെക്നിനിക്ക് പ്രിൻസിപ്പാൾ എം. അനീഷ് വ്യക്തമാക്കിയത്.ഇതോടെ ഒരിടത്തും കളിക്കാൻ സ്ഥലം കിട്ടാതെ കടുത്ത നിരാശയിലാണ് മാണിയാട്ട്, തടിയൻ കൊവ്വൽ , നടക്കാവ്, ഈയ്യക്കാട് എന്നിവിടങ്ങളിലെ വളർന്നുവരുന്ന പ്രതിഭകൾ.
നാട്ടിൻപുറത്തെ പരിശീലനത്തിൽ നിന്ന് ഉയർന്നുവന്നവർ തന്നെയാണ് ഇതെ പ്രദേശത്ത് നിന്ന് ഇന്ത്യയ്ക്കും കേരളത്തിനും ഒട്ടനവധി പ്രൊഫഷണൽ ഫുട്ബാൾ ടീമുകൾക്കുമായി ബൂട്ടു കെട്ടിയവർ. ഇവർക്ക് ലഭിച്ച അവസരം പുതിയ തലമുറയ്ക്ക് ലഭിക്കാനുള്ള സാദ്ധ്യതയാണ് ഇതോടെ കൊട്ടിയടക്കപ്പെട്ടിരിക്കുന്നത്. സ്റ്റേഡിയത്തിന് പുറത്ത് ഒഴിഞ്ഞുകിടക്കുന്ന ബാക്കി സ്ഥലത്ത് സൗകര്യമുണ്ടായിരുന്നുവെങ്കിലും 29.46കോടി ചിലവിൽ നീന്തൽ കുളമടക്കമുള്ള ഇൻഡോർ സ്റ്റേഡിയത്തിന്റെ പ്രവൃത്തിയും തുടങ്ങി.ഇതോടെ ഇതുവഴി ആർക്കും നടന്നുപോകാൻ പറ്റാത്ത സ്ഥിതിയിലാണ്.
കാര്യം നടന്നപ്പോൾ കളത്തിന് പുറത്ത്
നടക്കാവിലെ വിശാലമായ മൈതാനത്തിന്റെ പകുതിഭാഗം പുതുതായി അനുവദിക്കപ്പെട്ട പോളിടെക്നിക്കിന് അനുവദിച്ചപ്പോൾ വികസനത്തിനും വിദ്യാഭ്യാസ സാദ്ധ്യതകളും പരിഗണിച്ച് പരിപൂർണ്ണ പിന്തുണ നൽകിയവരാണ് പ്രദേശവാസികൾ. ബാക്കി വന്ന സ്ഥലത്ത് മൂന്നു കോടി ചിലവിട്ട് നിർമ്മിച്ച സിന്തറ്റിക് സ്റ്റേഡിയത്തിന്റെ അവകാശം സ്റ്റേഡിയം സ്പോർട്സ് കൗൺസിലിനുമായി . ഇതോടെ ഇവിടെ പരിശീലന അനുമതി രജിസ്ട്രേഡ് ക്ളബ്ബുകൾക്ക് മാത്രമാണ്. ഇതോടെ നാട്ടിലെ കുട്ടികൾ കളത്തിന് പുറത്തുമായി.
നടക്കാവ്, തടിയൻ കൊവ്വൽ , ഈയ്യക്കാട്, മാണിയാട്ട് തുടങ്ങി വിശാലമായ പ്രദേശങ്ങളിലെ കുട്ടികൾക്കിന്ന് കളിസ്ഥലമില്ലാത്ത അവസ്ഥയാണ് .ഗവ പോളിടെക്നിനിക് കോ ളേജ് മൈതാനം വൈകിട്ട് ഒരു മണിക്കൂർ നേരം പരിശീലനത്തിന് വിട്ടു നൽകാൻ അധികൃതർ തയ്യാറാകണം-
രവീന്ദ്രൻ മാണിയാട്ട്,പ്രദേശവാസി പഞ്ചായത്ത് മെമ്പർ
.
ബൂട്ടും കെട്ടി ഫുട്ബാളുമായി കളിസ്ഥലമന്വേഷിച്ചു നടക്കുന്ന കുട്ടികളെ കാണേണ്ടി വരുന്നത് നിരാശാജനകമാണ്. ഞങ്ങളുടെ കളിസ്ഥലത്ത് പല വിധ നിർമ്മാണങ്ങൾ നടത്തിയതോടെയാണ് ഞങ്ങൾ പുറത്തു നിൽക്കേണ്ടി വന്നത്. ഓൺ ലൈനായി ഫുട്ബാൾ കളിക്കാൻ കഴിയില്ലല്ലൊ.?-
കെ. സനൂപ്, ബ്രദേഴ്സ് ക്ളബ്ബ്, മാണിയാട്ട്.