നീലേശ്വരം: കിനാനൂർ കരിന്തളം, കയ്യൂർ-ചീമേനി പഞ്ചായത്തുകളുടെ മദ്ധ്യത്തിലൂടെ ഒഴുകുന്ന തേജസ്വിനിപ്പുഴയുടെ സൗന്ദര്യതീരത്ത് ടൂറിസം സാദ്ധ്യതയ്ക്കുള്ള വഴി തെളിയുന്നു. കേരളകൗമുദി സംഘടിപ്പിച്ച കിനാനൂർ കരിന്തളം വികസനസെമിനാറിൽ ഉരുത്തിരിഞ്ഞ ആശയങ്ങളടക്കം ക്രോഡീകരിച്ച് പഞ്ചായത്ത് പ്രസിഡന്റ് ടി.കെ. രവി ടൂറിസം വകുപ്പിന്റെ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് പദ്ധതിരേഖ സമർപ്പിച്ചുകഴിഞ്ഞു.
കടലാടിപ്പാറ ജൈവവൈവിദ്ധ്യഗ്രാമം, പള്ളത്തുമല, തേജസ്വിനി പുഴയ്ക്ക് കുറുകെ റോപ്പ് വേ, ഹൗസ് ബോട്ടിംഗ്, കയാക്കിംഗ്, ഹോം സ്റ്റേകൾ എന്നിവയടക്കമുള്ള പദ്ധതികളും കാരിമൂല കോട്ട, നരിമാളം, ചേമ്പേന ഗുഹ, നാരോത്തുംകൊല്ലി വെള്ളച്ചാട്ടം, കരിന്തളം കളരി, പയ്യങ്കുളം കാവ് എന്നിവയുമായി ബന്ധമുള്ള പ്രൊജക്ടുകളുമാണ് ടൂറിസം വകുപ്പിന് സമർപ്പിച്ചിരിക്കുന്നത്.
ഇരു പഞ്ചായത്തുകളിലും റവന്യുഭൂമിയുടെയും പുറമ്പോക്ക് സ്ഥലത്തിന്റെയും ലഭ്യത ഏറെയാണെന്നതിനാൽ ടൂറിസം വകുപ്പും ഈ മേഖലയിൽ ശ്രദ്ധ പതിപ്പിച്ചിട്ടുണ്ട്.
കയ്യൂർ-ചീമേനി പഞ്ചായത്തിലെ കയ്യൂർ ഐ.ടി.ഐക്ക് പിറകുവശത്തെ ചൂട്ടേൻപാറയിൽ ഇപ്പോൾ തന്നെ വൈകുന്നേരങ്ങൾ ചിലവഴിക്കാൻ ഏറേപ്പേർ എത്തുന്നുണ്ട്. ഇവിടെ 15 ഏക്കറോളം റവന്യുഭൂമിയും ഒരേക്കറോളം വിസ്തൃതിയുള്ള ഒരിക്കലും വെള്ളം വറ്റാത്ത കുളവുമുണ്ട്. പാർക്ക് സ്ഥാപിക്കാനുള്ള വലിയ സാദ്ധ്യതയാണ് ഇവിടെ തുറന്നുകിട്ടുന്നത്.
ഹോംസ്റ്റേകളുടെ സാദ്ധ്യത
തേജസ്വിനിയുടെ ഏറ്റവും മനോഹരമായ ഈ തീരത്ത് ബോട്ട് ക്ലബ്ബ്, ചിൽഡ്രൻസ് പാർക്ക് എന്നിവയ്ക്കുള്ള സാദ്ധ്യതയേറെയാണ്. പുഴയുടെ ഇരുകരകളിലും പഴയകാലത്തെ ഇരുനിലവീടുകൾ ഏറെയുണ്ട്. ഇവ തറവാടുകാരുടെ സഹകരണത്തോടെ ഹോംസ്റ്റേ പോലുള്ള സംരംഭങ്ങൾ തുടങ്ങുന്നതിന് ഉപയോഗിക്കാനാകും. കാര്യങ്ങൾ ടൂറിസം വകുപ്പ് ചെയ്ത് കൊടുക്കും. ടൂറിസം പ്രോജക്ട് ആരംഭിക്കാൻ സർക്കാറിന്റെ 50 സെന്റ് സ്ഥലം വരെ അനുവദിക്കാൻ ജില്ല കളക്ടർക്ക് അധികാരമുണ്ട്. കൂടുതൽ സ്ഥലം ആവശ്യമാണെങ്കിൽ സർക്കാർ അനുമതിക്കായി അപേക്ഷിക്കാം. പ്രോജക്ട് ,ആർക്കിടെക്ട്, ഫണ്ട് എന്നിവ ടൂറിസം വകുപ്പിന്റെ മേൽനോട്ടത്തിൽ അനുവദിക്കും. സ്വകാര്യ വ്യക്തികൾക്കോ, ഗ്രൂപ്പിനോ പദ്ധതികൾ ഏറ്റെടുത്തു നടത്താം.
.
വഴി തുറന്ന് പാലായി റഗുലേറ്റർ കം ബ്രിഡ്ജ്
പാലായി റഗുലേറ്റർ കം ബ്രിഡ്ജ് ഉദ്ഘാടനം ചെയ്യുന്നതോടെ മേഖലയിൽ വൻ ടൂറിസം സാദ്ധ്യതയാണ് വഴിതുറന്നിരിക്കുന്നത്. തേജസ്വിനി പുഴയിൽ കൂടിയുള്ള ഹൗസ് ബോട്ട് സർവ്വീസിനുള്ള സാദ്ധ്യതയേറെയാണ്. ഒരുകാലത്ത് തേജസ്വനി പുഴയിൽ കൂടി കോട്ടപ്പുറം മുതൽ മുക്കട വരെ സ്വകാര്യ ബോട്ടുകൾ സർവീസ് നടത്തിയിരുന്നു. അന്ന് പുഴയുടെ ഇരുകരകളിലുമുള്ളവർ യാത്രയ്ക്ക് ബോട്ടിനെയാണ് ആശ്രയിച്ചിരുന്നത്. തേജസ്വിനി പുഴയോരത്തെ ടൂറിസം മേഖലയുടെ സാദ്ധ്യത കണ്ടെത്താൻ ടൂറിസം വകുപ്പ് ഉദ്യോഗസ്ഥർ അടുത്തു തന്നെ സ്ഥലം സന്ദർശിക്കുന്നുണ്ട്.