തളിപ്പറമ്പ്: വീട്ടുപറമ്പിൽ നിന്നും ചന്ദനമര മോഷണം തുടർക്കഥയായി. പറശ്ശിനിയിലെ വീട്ടുപറമ്പിൽ നിന്നുമാണ് വർഷങ്ങളുടെ പഴക്കമുള്ള ചന്ദനമരം കഴിഞ്ഞദിവസം മോഷണം പോയത്. ബ്ളോക്ക് കോൺഗ്രസ് കമ്മിറ്റി മുൻ പ്രസിഡന്റ് കൂടിയായ മമ്പാല സ്വദേശി പ്രേമന്റെ വീട്ടുപറമ്പിൽ നിന്നാണ് ഒന്നരലക്ഷം രൂപയോളം വിലവരുന്ന ചന്ദനമരം മോഷണം പോയത്. പ്രേമന്റെ വീട്ടുപറമ്പിൽ നിന്നും ഇത് ആറാം തവണയാണ് ചന്ദന മരങ്ങൾ മോഷണം പോകുന്നത്.

കഴിഞ്ഞദിവസം രാത്രിയാണ് മരം കടത്തി കൊണ്ടുപോയത്. മരം മുറിക്കുന്ന ശബ്ദം പോലും കേട്ടിട്ടില്ലെന്ന് വീട്ടുകാർ പറയുന്നു. കഴിഞ്ഞ മൂന്ന് വർഷത്തിനുള്ളിൽ ഇവിടെ നിന്നും ആറ് ചന്ദന മരങ്ങളാണ് മോഷണം പോയത്. രാത്രികാല പട്രോളിംഗിനിടെ കണ്ണവം സ്വദേശികളായ മൂന്നുപേരെ അന്ന് തളിപ്പറമ്പ് പൊലീസ് പിടികൂടിയിരുന്നെങ്കിലും പിന്നീട് ചന്ദനമോഷണം പതിവായിട്ടുണ്ട്. വീട്ടുടമ തളിപ്പറമ്പ് പൊലീസിൽ പരാതി നൽകിയതിനെ തുടർന്ന് എസ്.ഐ പി.സി സഞ്ജയ് കുമാറും സംഘവും സ്ഥലത്തെത്തി പരിശോധന നടത്തി.