ഇന്ന് ലോക തപാൽദിനം
കണ്ണൂർ: വിരൽത്തുമ്പിൽ വിവരങ്ങൾ കൈമാറാൻ സാധിക്കുന്ന ഈ കാലഘട്ടത്തിലും പ്രിയപ്പെട്ടവർക്ക് കത്തിലൂടെ വിശേഷങ്ങൾ പങ്കുവയ്ക്കുന്നു ശ്രീകണ്ഠാപുരം നെടിയേങ്ങയിൽ മായാ രവിയെന്ന രവി. വർഷങ്ങൾ പഴക്കമുള്ള പതിനായിരത്തോളം കത്തുകളുടെ ശേഖരവും രവിക്ക് സ്വന്തം. രവിയുടെ ശേഖരത്തിലുള്ളവയിൽ ഫിഡൽ കാസ്ട്രോയുടെയും അക്കിത്തത്തിന്റെയും കത്തുകൾ ഉൾപ്പെടുന്നു.
കാസ്ട്രോയുടെ കത്ത്
കേരളത്തിലെ രാഷ്ട്രീയ സ്ഥിതിഗതികൾ വിവരിച്ച് ഫിഡൽ കാസ്ട്രോയ്ക്ക് 2011ലാണ് ഇംഗ്ളീഷിൽ രവി കത്തയച്ചത്. ഇവിടത്തെ പത്രങ്ങളിൽ അദ്ദേഹത്തെക്കുറിച്ച് വന്ന വാർത്തയുടെ കട്ടിംഗുകളും അയച്ചു. താമസിയാതെ സ്പാനിഷിൽ കാസ്ട്രോയുടെ മറുപടിക്കത്ത് ലഭിച്ചു. ഭാഷ അറിയാത്തതിനാൽ വായിക്കാൻ കഴിഞ്ഞിരുന്നില്ല. ഒടുവിൽ ചെഗുവേരയുടെ മകൾ ഡോ. അലൈഡ ഗുവേര കണ്ണൂരിലെത്തിയപ്പോൾ തർജ്ജമക്കാരനായി ഒപ്പമുണ്ടായിരുന്ന ആളാണ് വായിച്ചു
കേൾപ്പിച്ചത്. കത്തിൽ ക്യൂബയിലെ രാഷ്ട്രീയ കാര്യങ്ങൾ വിവരിച്ച കാസ്ട്രോ, രവിയെ അഭിനന്ദിച്ചിട്ടുണ്ട്.
അമേരിക്കൻ പ്രസിഡന്റായപ്പോൾ ഒബാമയെ അഭിനന്ദിച്ചും രവി കത്തെഴുതിയിരുന്നു. എന്നാൽ, സുരക്ഷാകാരണങ്ങളാൽ പൊട്ടിക്കാൻ കഴിയില്ലെന്ന സ്റ്റിക്കർ പതിച്ച് തിരിച്ചയയ്ക്കുകയായിരുന്നു. കവി അക്കിത്തത്തിന്റെ നാല് വരി കവിതയിലുള്ള കത്ത്
നിധി പോലെ സൂക്ഷിച്ചിട്ടുണ്ട്.
1973 മുതലുള്ള കത്തുകളാണ് രവിയുടെ ശേഖരത്തിലുള്ളത്.
മജീഷ്യൻ കൂടിയായതിനാലാണ് മായാ രവിയെന്ന പേര് ലഭിച്ചത്. മാജിക് പഠിച്ചതും കത്തിലൂടെ പരിചയപ്പെട്ട ആന്റണി അറയ്ക്കലെന്ന സുഹൃത്ത് വഴി. 1943 മുതലുള്ള പത്രമാസികകളുടെ പ്രതികളും രാഷ്ട്രീയ പാർട്ടികളുടെയും ഉത്സവങ്ങളുടെയും നോട്ടീസുകളും വിദേശ കറൻസികളും നോട്ടുകളുമെല്ലാം സൂക്ഷിച്ചിട്ടുണ്ട്. ഇപ്പോൾ ലൈറ്റ് ആൻഡ് സൗണ്ട് മേഖലയിൽ ജോലി ചെയ്യുകയാണ്. കെ.പി. ശ്രീജയാണ് ഭാര്യ. അഭിഷേക്, ആദർശ് എന്നിവർ മക്കൾ.