₹സെക്രട്ടേറിയറ്റ് അസിസ്റ്റന്റിൽ നിന്ന് ഉന്നത തസ്തികയിലേക്ക്
കണ്ണൂർ: തിരുവനന്തപുരത്ത് തപാൽ വകുപ്പിലെ ജോലിക്കിടെ സെക്രട്ടേറിയറ്റ് ധനകാര്യ വകുപ്പിൽ സീനിയർ അസിസ്റ്റന്റ് തസ്തികയിൽ നിയമനം ലഭിച്ച അഖില ചാക്കോയുടെ കഠിന പരിശ്രമം മികച്ച വിജയത്തിലെത്തിച്ചു. കെ.എ.എസ് പരീക്ഷയിൽ രണ്ടാം സ്ട്രീമിൽ ഒന്നാം റാങ്കിന്റെ തിളക്കത്തിലാണ് തളിപ്പറമ്പ് തൃച്ചംബരം സ്വദേശിനി അഖില ചാക്കോ.
യു.പി.എസ്.സി പരീക്ഷയ്ക്ക് വേണ്ടി നടത്തിയ മുന്നൊരുക്കങ്ങൾ സഹായകമായെന്ന് പറയുന്ന അഖിലയ്ക്ക് റാങ്ക് പട്ടികയിൽ ഉൾപ്പെടുമെന്ന് ഉറപ്പായിരുന്നെങ്കിലും, ഒന്നാം റാങ്ക് പ്രതീക്ഷിച്ചിരുന്നില്ല. പ്ലസ് ടു വരെ പള്ളിക്കുന്ന് ശ്രീപുരം സ്‌കൂളിലായിരുന്നു പഠനം. തിരുവനന്തപുരം മാർ ഇവാനിയോസ് കോളേജിൽ നിന്ന് കെമിസ്ട്രിയിൽ ബിരുദവും ഇഗ്നോയിൽ നിന്ന് സോഷ്യോളജിയിൽ ബിരുദാനന്തര ബിരുദവും നേടി. തളിപ്പറമ്പ് ബാറിലെ അഭിഭാഷകനായ കെ.ജെ. ചാക്കോയുടെയും സെലിൻ തോമസിന്റെയും മകളാണ്. തിരുവനന്തപുരം വിമെൻസ് കോളേജിൽ അദ്ധ്യാപകനായ ജസ്റ്റിൻ കെ. സെബാസ്റ്റ്യനാണ് ഭർത്താവ്. രണ്ടു മാസം പ്രായമുള്ള പെൺകുഞ്ഞുണ്ട്. അമല, അലൻ എന്നിവർ സഹോദരങ്ങൾ. മന്ത്രി എം.വി. ഗോവിന്ദൻ അഖിലയുടെ വീട്ടിലെത്തി അഭിനന്ദിച്ചു.