bjp

കണ്ണൂർ: കൂത്തുപറമ്പ് ചിറ്റാരിപറമ്പ് കോട്ടയിൽ കണ്ണവം പൊലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്‌.ഐയായ ബഷീറിനെ മർദ്ദിച്ച് പരിക്കേൽപ്പിച്ച സംഭവത്തെ കുറിച്ച് സമഗ്രാന്വേഷണം വേണമെന്ന് ബി.ജെ.പി ജില്ലാ പ്രസിഡന്റ് എൻ. ഹരിദാസ് വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു. എസ്‌.ഐയെ അക്രമിച്ച പ്രതികളായ സിപിഎം പ്രവർത്തകരും കൊലക്കേസിൽ ശിക്ഷിക്കപ്പെട്ട് പരോളിലിറങ്ങിയവരുമായവരെ കേസിൽ നിന്നും രക്ഷപ്പെടുത്താൻ ആഭ്യന്തര വകുപ്പിന്റെ സഹായത്തോടെ സി.പി.എം നേതൃത്വം ശ്രമിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.

നിരവധി സിപിഎമ്മുകാരായ കൊലക്കേസ് പ്രതികളുളള കോട്ടയിൽ മേഖലയിൽ കാര്യങ്ങൾ തീരുമാനിക്കുന്നത് കാലങ്ങളായി സി.പി.എം നേതൃത്വമാണ്.പരോളിലിറങ്ങി അക്രമം നടത്തിയ പാർട്ടിക്കാരെ രക്ഷപ്പെടുത്താനുളള ശ്രമത്തിന്റെ ഭാഗമാണ് കേസന്വേഷിക്കുന്ന കണ്ണവം സ്റ്റേഷൻ ഹൗസ് ഓഫീസറായ സർക്കിൾ ഇൻസ്‌പെക്ടറെ സ്ഥലം മാറ്റിയ നടപടിയെന്നും ഹരിദാസൻ ചൂണ്ടിക്കാട്ടി. കേസ് അടിയന്തിരമായി എസ്.പി റാങ്കിലുളള ഉദ്യോഗസ്ഥനെ കൊണ്ട് അന്വേഷിപ്പിക്കാൻ സർക്കാർ തയ്യാറാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ബി.ജെ.പി ജില്ലാ ട്രഷറർ യു.ടി. ജയന്തൻ, മട്ടന്നൂർ മണ്ഡലം പ്രസിഡന്റ് രാജൻപുതുക്കുടി തുടങ്ങിയവരും വാർത്താസമ്മേളനത്തിൽ സംബന്ധിച്ചു.