road

പൂർത്തിയായത് 99%

കണ്ണൂർ :ജില്ലയിൽ ദേശീയ പാത വികസനത്തിന്റെ സ്ഥലമേറ്റെടുപ്പ് അവസാനഘട്ടത്തിൽ.ആഴ്ചകൾക്കുള്ളിൽ മുഴുവൻ സ്ഥലമെടുപ്പും പൂർത്തിയാവും. മുഴപ്പിലങ്ങാട് മുതൽ കാലിക്കടവ് വരെ ദേശീയപാതക്ക് കണക്കാക്കിയ 200.56 ഹെക്ടറിൽ 198.53 ഹെക്ടർ ഏറ്റെടുത്തു കഴിഞ്ഞു.2.02 ഹെക്ടർ കൂടിയാണ് ഇനി ഏറ്റെടുക്കാനുള്ളത്.

സ്ഥലമെടുപ്പിനു നഷ്ടപരിഹാരം നൽകുന്നതിനായി ദേശീയ പാത അതോറിറ്റിയിൽ നിന്നും 2239.34 കോടി രൂപ ലഭിച്ചു. ഇതിൽ 1942 കോടി രൂപ വിതരണം ചെയ്തു . 1.41 ഹെക്ടറിനുള്ള നഷ്ടപരിഹാര തുക ദേശീയ പാത അതോറിറ്റിയിൽ നിന്നും ലഭിക്കാനുണ്ട്. ഫണ്ട് ലഭിച്ചതിൽ 0.69 ഹെക്ടർ സ്ഥലം ഏറ്റെടുക്കാൻ ബാക്കിയുണ്ട്.

കണ്ണൂർ ബൈപാസിന് 73.69 ഹെക്ടർ കൈമാറി

ചിറക്കൽ, പുഴാതി, വലിയന്നൂർ, എളയാവൂർ, ചേലോറ, എടക്കാട്, ചെമ്പിലോട്, കടമ്പൂർ, മുഴപ്പിലങ്ങാട് വില്ലേജുകളിലൂടെ കടന്ന് പോകുന്ന കണ്ണൂർ ബൈപാസിന്റെ സ്ഥലമെടുപ്പ് ജോലികൾ ഉടൻ പൂർത്തിയാവും. ആകെ ഏറ്റെടുക്കേണ്ട 82.87 ഹെക്ടററിൽ 73.69 ഹെക്ടർ ഏറ്റെടുത്ത് ദേശീയ പാതാ അതോറിറ്റിക്ക് കൈമാറി കഴിഞ്ഞു. 649.34 കോടി രൂപ നഷ്ടപരിഹാരം അനുവദിച്ചു. ഇതിൽ 519.58 കോടി വിതരണം ചെയ്തു.

പയ്യന്നൂർ ബൈപാസിന് 117.68 ഹെക്ടർ

കരിവെള്ളൂർ പെരളം മുതൽ പാപ്പിനിശ്ശേരി വരെ 12 വില്ലേജുകൾ ഉൾപ്പെടുന്ന തളിപ്പറമ്പ്, പയ്യന്നൂർ ബൈപാസിന്റെ ഭാഗമായി 117.68 ഹെക്ടർ സ്ഥലമാണ് ഏറ്റെടുക്കേണ്ടത്. ഇതിൽ 117.34 ഹെക്ടർ സ്ഥലം ഏറ്റെടുത്തു. 1590 കോടി രൂപ നഷ്ടപരിഹാരമായി അനുവദിച്ചു. ഇതിൽ 1423 കോടി കൈമാറി. മതിയായ രേഖകൾ ഹാജരാകുന്ന മുറക്ക് ബാക്കി ഉള്ളവർക്കും തുക കൈമാറും. തലശ്ശേരി- മാഹി ബൈപാസിന്റെ നിർമ്മാണവും പുരോഗമിക്കുകയാണ്.

മുഴപ്പിലങ്ങാട് മുതൽ കാലിക്കടവ് വരെ

ഏറ്റെടുക്കേണ്ടത് 200.56 ഹെക്ടർ

ഏറ്റെടുത്തത് 198.53 ഹെക്ടർ

ഏറ്റെടുക്കാനുള്ളത് 2.02 ഹെക്ടർ

നഷ്ടപരിഹാരം 2239.34 കോടി

വിതരണം ചെയ്തത് 1942 കോടി