കാഞ്ഞങ്ങാട്: മിനിസിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന ആർ.ടി ഓഫീസിലും എ.എം.വി.ഐ അനിൽകുമാറിന്റെ മാവുങ്കാലിലെ വീട്ടിലും വിജിലൻസ് റെയ്ഡ്. ആർ.ടി ഓഫീസിൽ അനിൽകുമാർ ജോലി ചെയ്യുന്ന ക്യാബിനിലും വീട്ടിലും ഒരേ സമയത്തായിരുന്നു റെയ്ഡ് നടത്തിയത്.
കോഴിക്കോട്ട് നിന്നെത്തിയ സ്‌പെഷ്യൽ വിജിലൻസ് സംഘം ഉദ്യോഗസ്ഥർ രാവിലെ 6.30 മണിക്ക് മാവുങ്കാലിലെത്തി അനിൽകുമാറിന്റെ വീട്ടിൽ പരിശോധന ആരംഭിച്ചു. ഉച്ചയ്ക്ക് 12 മണിക്കും പരിശോധന തുടർന്നു. വീട്ടിൽ സൂക്ഷിച്ചിട്ടുള്ള രേഖകൾ ഉൾപ്പെടെയുള്ള വസ്തുക്കൾ വിജിലൻസ് പരിശോധിച്ചു. രാവിലെ 8 മണിയോടെയാണ് കാസർകോട് നിന്നുമെത്തിയ വിജിലൻസ് സംഘം ആർ.ടി ഓഫീസിൽ പരിശോധന ആരംഭിച്ചത്.
അനിൽകുമാറിന്റെ ഇരിപ്പിടമേശ വലിപ്പും, ഫയലുകൾ ഉൾപ്പെടെ പരിശോധിച്ചു. വിജിലൻസ് പരിശോധന ആർ.ടി ഓഫീസിൽ മൂന്ന് മണിക്കൂർ നീണ്ടു. കാസർകോട് വിജിലൻസ് ഇൻസ്‌പെക്ടർ സിബി തോമസ്, മറ്റ് ഉദ്യോഗസ്ഥരായ രാജീവൻ, ശ്രീനിവാസൻ, കാഞ്ഞങ്ങാട് ആർ.ടി ഓഫീസ് സീനിയർ സൂപ്രണ്ട് പി. പ്രമോദിന്റെ സാന്നിദ്ധ്യത്തിൽ പരിശോധനയ്ക്ക് നേതൃത്വം നൽകി. കാഞ്ഞങ്ങാട് ആർ.ടി ഓഫീസിൽ എ.എം.വി.ഐ ആയിരുന്ന അനിൽ കുമാറിനെ നേരത്തെ സ്ഥലം മാറ്റിയിരുന്നു.
ഒരു മാസം മുമ്പാണ് ഇയാൾ വീണ്ടും കാഞ്ഞങ്ങാട് ചുമതയേറ്റത്. കോഴിക്കോട് സ്‌പെഷ്യൽ വിജിലൻസ് വിഭാഗത്തിന് അനിൽ കുമാറിനെതിരെ ലഭിച്ച പരാതിയെ തുടർന്നാണ് ആർ.ടി ഓഫീസിലും അനിൽ കുമാറിന്റെ മാവുങ്കാലിലെ വീട്ടിലും വിജിലൻസ് റെയ്ഡ് നടന്നത്. സെപ്തംബർ 29 ന് ഗുരുവനത്ത് ഡ്രൈവിംഗ് പരിശോധനാ കേന്ദ്രത്തിൽ വിജിലൻസ് നടത്തിയ റെയ്ഡിൽ 2,69,860 രൂപ പിടികൂടിയിരുന്നു. കൈക്കൂലി കേസ്സിൽ മോട്ടോർ വാഹന ഇൻസ്‌പെക്ടർ ആർ.കെ. പ്രസാദിനെതിരെ നടപടിക്ക് വിജിലൻസ് റിപ്പോർട്ട് നൽകിയിട്ടുണ്ട്. ഡ്രൈവിംഗ് പരിശീലന കേന്ദ്രത്തിൽ വിജിലൻസ് പണം കണ്ടെത്തി ഒരാഴ്ച കഴിയുന്നതിന് പിന്നാലെയാണ് മറ്റൊരു ഉദ്യോഗസ്ഥന്റെ വീട്ടിലും ആർ.ടി ഓഫീസിലും വിജിലൻസ് റെയ്ഡ് നടത്തിയത്.