simco-ksd

കാസർകോട്: ഒരു കാലത്ത് സമുദ്രോത്പന്ന കയറ്റുമതി രംഗത്ത് പ്രശസ്തമായിരുന്ന നെല്ലിക്കുന്നിലെ സതേൺ ഇന്ത്യ മറൈൻ പ്രൊഡക്ട് കമ്പനി(സിംപ്‌കോ) ഇനി ഓർമ്മ. അവശേഷിച്ചിരുന്ന കമ്പനിയുടെ കെട്ടിടത്തിന്റെ അവസാന ഭാഗം കൂടി കഴിഞ്ഞ ദിവസം പൊളിച്ച് നീക്കിയതോടെ ഒരു കാലത്ത് നിരവധി പേർക്ക് തൊഴിൽ നൽകിയിരുന്ന സ്ഥാപനത്തിന്റെ അസ്തമയം പൂർണ്ണമായി. 1980 കളിൽ മലബാർ ദക്ഷിണ കർണാടക മേഖലയിലെ ഏറ്റവും പ്രശസ്തമായ മത്സ്യോത്പ്പന്ന കയറ്റുമതി സ്ഥാപനമായിരുന്നു സിംപ്‌കോ.

പ്രമുഖ വ്യവസായിയായിരുന്ന കെ.എസ്. അബ്ദുല്ലയുടെ ഉടമസ്ഥതയിലാണ് സിംപ്‌കോ പ്രവർത്തിച്ചിരുന്നത്. കാസർകോടിന് പുറമെ അക്കാലത്ത് കേരളത്തിന്റെ വിവിധ ഭാഗങ്ങളിലുള്ളവർക്കും ഉപജീവനം നൽകിയ സ്ഥാപനമായിരുന്നു സിംപ്‌കോ. 40 വർഷം മുമ്പാണ് സിംപ്‌കോ ആരംഭിച്ചത്. കാസർകോടിന്റെ വ്യവസായ പ്രമുഖനായിരുന്ന കെ.എസ്. അബ്ദുല്ലയുടെ പ്രതാപ കാലമായിരുന്നു അത്. ചെമ്മീൻ അടക്കമുള്ളവ സംസ്‌കരിച്ച് കപ്പൽ മാർഗം ഗൾഫിൽ അയക്കുന്ന കമ്പനിയിൽ കാസർകോടിന് പുറമേ കൊച്ചി, ആലപ്പുഴ, അമ്പലപ്പുഴ തുടങ്ങിയ ഭാഗങ്ങളിൽ സ്ത്രീകളടക്കമുള്ള ആയിരത്തോളം തൊഴിലാളികളാണ് ജോലി ചെയ്തിരുന്നത്. പിന്നീട് മാംസം സംസ്‌ക്കരിച്ച് കയറ്റുമതി ചെയ്തിരുന്നു. മംഗളൂർ, കൊച്ചി തുറമുഖം വഴി കപ്പൽമാർഗമാണ് ഇവ കയറ്റുമതി ചെയ്തിരുന്നത്. 19 വയസ് മുതൽ 65 വയസ് പ്രായം വരെയുള്ളവർ തൊഴിൽ ചെയ്തിരുന്ന കമ്പനി പിൽക്കാലത്ത് പ്രതിസന്ധിയെ തുടർന്ന് പ്രവർത്തനം നിലക്കുകയായിരുന്നു. തുടർന്ന് ഐസ് പ്ലാന്റായി നിലനിന്നു പോയിരുന്നു. ഏക്കർ കണക്കിന് വിസ്തൃതിയിലുണ്ടായിരുന്ന സ്ഥലം പിന്നീട് പലർക്കും വിറ്റതോടെ കമ്പനി കെട്ടിടം മാത്രം നിലനിർത്തിയിരുന്നുവെങ്കിലും കഴിഞ്ഞ ദിവസം പൊളിച്ച് നീക്കിയതോടെ കാസർകോടിന്റെ വ്യവസായ മേഖലയ്ക്ക് ഉണർവേകിയിരുന്ന ഒരു കമ്പനി കൂടി നാമാവശേഷമാവുകയിരുന്നു.