കാസർകോട്: ജില്ലയിലെ പത്താംതരം പാസായ 3000ത്തോളം കുട്ടികൾ പ്ലസ് വൺ സീറ്റ് കിട്ടാതെ പുറത്ത്. ഇത്തവണ 19,287 കുട്ടികൾ എസ്.എസ്.എൽ.സി. പരീക്ഷ വിജയിച്ചപ്പോൾ ജില്ലയിൽ പ്ലസ് വണിന് ആകെയുള്ളത്16,494 സീറ്റുകൾ മാത്രമാണ്. ബാക്കിയുള്ള കുട്ടികൾ സീറ്റിന് വേണ്ടി നട്ടംതിരിയുന്ന സാഹചര്യം ഉണ്ടാകുന്ന പശ്ചാത്തലത്തിൽ ഇത് സംബന്ധിച്ച പ്രശ്നങ്ങൾ എൻ.എ. നെല്ലിക്കുന്ന് എം.എൽ.എ. സഭയിൽ ഉന്നയിച്ചു.
സീറ്റുകളിൽ കുറവുണ്ടെന്നത് യാഥാർത്ഥ്യമാണെന്നാണ് നെല്ലിക്കുന്നിന്റെ ചോദ്യത്തിന് മറുപടിയായി വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി പറഞ്ഞത്. ജില്ലയിൽ 17431 കുട്ടികളാണ് പ്ലസ് വൺ പ്രവേശനത്തിന് അപേക്ഷിച്ചിട്ടുള്ളത്. മുഴുവൻ എ പ്ലസ് നേടിയ കുട്ടികൾക്ക് അപേക്ഷിച്ച സ്‌കൂളുകളിൽ സീറ്റ് ലഭിക്കുന്നില്ലെന്ന പരാതി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ എന്ന ചോദ്യത്തിന് ശ്രദ്ധയിൽപ്പെട്ടിട്ടില്ല എന്നായിരുന്നു മന്ത്രിയുടെ മറുപടി.
മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയ പല കുട്ടികൾക്കും കിലോമീറ്ററുകൾ ദൂരെയുള്ള സ്‌കൂളുകളിലാണ് പ്രവേശനം ലഭിച്ചിട്ടുള്ളതെന്നും ഇക്കാര്യത്തിൽ പരിഹാര നടപടികൾ സ്വീകരിക്കണമെന്നും എം.എൽ.എ. പറഞ്ഞു. ആരോഗ്യപരമായ കാരണങ്ങളാലും മറ്റും ദൂരയാത്ര ദുസ്സഹമായ കുട്ടികൾക്ക് അവർ ആവശ്യപ്പെടുന്ന സ്‌കൂളുകളിലേക്ക് മാറ്റം നൽകാമോ എന്ന ചോദ്യത്തിന്, ഏകജാലക പ്രവേശനം എന്ന കേന്ദ്രീകൃത അലോട്ട്‌മെന്റ് സംവിധാനം നടപ്പാക്കി വരുന്നതിനാൽ ഏതെങ്കിലും സ്‌കൂളിനോ കോഴ്സിനോ പ്ലസ് വണിന് പ്രവേശനം വേണമെന്ന പ്രത്യേക അപേക്ഷകൾ പരിഗണിക്കാൻ കഴിയില്ലെന്ന് മന്ത്രി വ്യക്തമാക്കി.
പ്രവേശനം ലളിതവും സുതാര്യവും ആണെന്നും മന്ത്രി പറഞ്ഞു. അർഹരായ വിദ്യാർത്ഥികൾക്ക് ഏകജാലക പ്രവേശനത്തിലൂടെ മെറിറ്റ് അടിസ്ഥാനത്തിൽ അവർ ആഗ്രഹിക്കുന്ന സ്‌കൂളുകളിൽ പ്രവേശനം നടത്താൻ ശ്രമിച്ചുവരുന്നുവെന്നും കാസർകോട് ജില്ലയുടെ പ്രശ്നം പ്രത്യേകമായി പരിഗണിക്കുമെന്നും മന്ത്രി ഉറപ്പ് നൽകി.