കാസർകോട്: ജല അതോറിറ്റി മുഖേന നടപ്പിലാക്കുന്നതുൾപ്പെടെയുള്ള കുടിവെള്ള പദ്ധതികൾ ഡിസംബർ മാസത്തോടെ ജലജീവൻ മിഷന്റെ ഭാഗമാകും.
ഗ്രാമ പഞ്ചായത്തുകൾ പദ്ധതികൾക്കായി നിക്ഷേപിച്ച തുകക്ക് പുറമെ എം.എൽ.എ ഫണ്ടും ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളുടെ വിഹിതവും സർക്കാർ ഉത്തരവ് ലഭ്യമാവുന്ന മുറക്ക് ഇതിനായി ഉപയോഗപ്പെടുത്താമെന്ന് ജില്ലാ ആസൂത്രണ സമിതിയോഗം നിർദ്ദേശിച്ചു. വിവിധ പദ്ധതികൾക്കായി തദ്ദേശ സ്ഥാപനങ്ങൾ തുക നിക്ഷേപിക്കുമ്പോൾ അതാത് വകുപ്പുകളെ അറിയിക്കണമെന്നും യോഗം നിർദ്ദേശിച്ചു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. സംയുക്ത പദ്ധതികൾ സമയബന്ധിതമായി നടപ്പിലാക്കാൻ ഗ്രാമ പഞ്ചായത്തുകളുടെ നല്ല ഇടപെടൽ വേണം. ജില്ലയിൽ നടപ്പിലാക്കുന്ന എ.ബി.സി പദ്ധതിക്കായി പല പഞ്ചായത്തുകളും തുക നീക്കിവച്ചിട്ടില്ലെന്നും തെരുവ് നായയുടെ കടിയേറ്റ് പേ വിഷബാധയെത്തുടർന്ന് ഒരു കുട്ടി മരിക്കാനിടയായ സാഹചര്യത്തിലെങ്കിലും പദ്ധതി പൂർണ തോതിൽ നടപ്പിലാക്കാൻ പഞ്ചായത്തുകളുടെ ഭാഗത്ത് നിന്നും ശ്രമമുണ്ടാകണമെന്നും യോഗം നിർദേശിച്ചു.
തദ്ദേശ സ്ഥാപനങ്ങളുടെ സഹായത്തോടെ ജില്ലയിൽ പൊതുമേഖലയിൽ സ്ഥാപിക്കുന്ന ഓക്സിജൻ പ്ലാന്റിന്റെ നിർമ്മാണ പ്രവൃത്തികൾ ഒക്ടോബർ 15 ന് പൂർത്തിയാകുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു. സർക്കാർ നോമിനി അഡ്വ. സി. രാമചന്ദ്രൻ, ഡി.പി.സി അംഗങ്ങളായ അഡ്വ. എസ്.എൻ. സരിത, കെ. ശകുന്തള, ഗീതാ കൃഷ്ണൻ, എം. മനു, സി.ജെ. സജിത്ത്, ഗോൾഡൻ അബ്ദുൽ റഹ്മാൻ, വി.വി. രമേശൻ, ജില്ലാ പഞ്ചായത്ത് സെക്രട്ടറി പി. നന്ദകുമാർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു. സംയുക്ത പദ്ധതികളുടെ ഏകോപനത്തിന് ഉപസമിതി ജില്ലയിൽ നടപ്പിലാക്കുന്ന സംയുക്ത പദ്ധതികളുടെ ഏകോപനത്തിനായി ഉപസമിതി രൂപീകരിച്ചു. ജില്ലാ പ്ലാനിംഗ് ഓഫീസർ എ.എസ്.മായ കൺവീനറും ജില്ലാ ആസൂത്രണ സമിതി അംഗം വി.വി.രമേശൻ ചെയർമാനുമാണ്.