പേരാവൂർ സഹകരണ ഹൗസ് ബിൽഡിംഗ് സൊസൈറ്റി ചിട്ടിത്തട്ടിപ്പിൽ പ്രക്ഷോഭം ശക്തമാക്കുന്നു
പേരാവൂർ: സഹകരണ ഹൗസ് ബിൽഡിംഗ് സൊസൈറ്റി ചിട്ടിനടത്തിപ്പിൽ അഴിമതി നടന്നിട്ടില്ലെന്ന സസ്‌പെൻഷനിലായ ബാങ്ക് സെക്രട്ടറി പി.വി.ഹരിദാസന്റെ പ്രതികരണത്തിന് പിന്നാലെ പ്രക്ഷോഭം ശക്തമാക്കുന്നു.തിങ്കളാഴ്ച മുതൽ അനിശ്ചിതകാല റിലേ നിരാഹാര സത്യഗ്രഹ സമരം നടത്തുമെന്ന് കർമ്മസമിതി ഭാരവാഹികൾ പേരാവൂരിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
അഴിമതി നടന്നിട്ടില്ലെന്ന വാദം ശരിയാണെങ്കിൽ നിക്ഷേപകരുടെ പണം എവിടെയെന്ന് സെക്രട്ടറി പറയണം. കേരളത്തിലെ മറ്റ് സഹകരണ ബാങ്കുകൾക്കെല്ലാം കൊവിഡ് കാലത്ത് ബുദ്ധിമുട്ടനുഭവപ്പെട്ടിരുന്നെങ്കിലും അവിടെയൊന്നും ഇത്തരം തട്ടിപ്പ് നടന്നിട്ടില്ല. അതുകൊണ്ട് ഈ സൊസൈറ്റിക്ക് മാത്രമായി ഈ കാരണം പറഞ്ഞാൽ വിശ്വസിക്കാനാകില്ലെന്നും കർമ്മസമിതി ചൂണ്ടിക്കാട്ടുന്നു.തിങ്കളാഴ്ച രാവിലെ 10 മുതൽ 5 മണി വരെയാണ് അനിശ്ചിതകാല റിലേ നിരാഹാര സമരം നടത്തുക. പാവപ്പെട്ട നിക്ഷേപകരുടെ പണം തിരിച്ചു കിട്ടുന്നതുവരെ പ്രക്ഷോഭം തുടരും. റിലേ നിരാഹാര സമരം കൊണ്ടും ഫലമുണ്ടായില്ലെങ്കിൽ സമരം ശക്തമാക്കുമെന്നും കർമ്മസമിതി ഭാരവാഹികളായ സിബി മേച്ചേരി, വിനോദ് കുമാർ ടി.ബി, മാത്യു തോട്ടത്തിൽ, കെ.വി.മോഹനൻ എന്നിവർ പറഞ്ഞു.
വാർത്താസമ്മേളനത്തിനെത്തിയത് നീളൻ ലിസ്റ്റുമായി
പണം കിട്ടാനുള്ളവരുടെ ലിസ്റ്റുമായാണ് കർമ്മസമിതി അംഗങ്ങൾ വാർത്താ സമ്മേളനത്തിന് എത്തിയത്.ബാങ്ക് ഭരണസമിതി നൽകിയ രേഖ പ്രകാരം 432 ആളുകൾക്ക് പണം കൈമാറാനുണ്ട്. എന്നാൽ സെക്രട്ടറി പറയുന്നത് ഇരുനൂറിൽ താഴെ ആളുകൾക്ക് മാത്രമാണ് എന്ന അവിശ്വസനീയമായ കണക്കാണെന്നും ഇവർ പറഞ്ഞു.