വ്യാജജ്യോത്സ്യനെ തിരയുന്നു
കൂത്തുപറമ്പ്: ലക്ഷങ്ങൾ നൽകി വാങ്ങിയ തങ്കഭസ്മം കഴിച്ച് കാഴ്ചപോയ യുവാവിന്റെ പരാതിയിൽ കണ്ണാടിപ്പറമ്പ് സ്വദേശിയായ വ്യാജജ്യോത്സ്യനെ പൊലീസ് തിരയുന്നു. ഐ.എ.എസ് പരീക്ഷ പാസാകാൻ വേണ്ടിയാണ് കണ്ണൂർ കൊറ്റാളിയിലെ പാരഡൈസ് ഹൗസിൽ മൊബിൻചാന്ദ് മകനുവേണ്ടി തങ്കഭസ്മം വാങ്ങി നൽകിയത്. ഇതിനു പുറമെ വ്യാജ ഗരുഡരത്നം, വിദേശലക്ഷ്മി യന്ത്രം എന്നിവയും ഇയാളിൽ നിന്നു വാങ്ങിയിരുന്നു
ആദിവാസികളിൽ നിന്നാണ് ഗരുഡരത്നം ലഭിക്കുന്നതെന്നാണു ജ്യോത്സ്യൻ പറഞ്ഞത്. കണ്ണവത്ത് ഓഫീസ് ഉണ്ടെന്നും പറഞ്ഞു.
കഴിഞ്ഞ ആഗസ്റ്റിലാണ് കണ്ണവത്തെ ഓഫീസിൽ എത്താൻ ജ്യോത്സ്യൻ മൊബിനോട് പറഞ്ഞത്. എന്നാൽ, ഓഫീസിൽ കയറ്റാതെ ജ്യോത്സ്യന്റെ വാഹനത്തിൽ വച്ച് ആറുവലുതും നാലു ചെറുതുമായ വ്യാജ രത്നങ്ങൾ നൽകി പത്ത് ലക്ഷം രൂപ കൈപ്പറ്റുകയായിരുന്നു.
തുടർന്നാണ് മകന്റെ ദോഷം പരിഹരിക്കാനായി തങ്കഭസ്മം കൈമാറി 1,25,000 രൂപ ജോത്സ്യൻ വാങ്ങിയത്. എന്നാൽ ഇയാൾ നൽകിയ തങ്കഭസ്മം കഴിച്ചു മകന്റെ കാഴ്ചയ്ക്കു തകരാറുണ്ടായി. തുടർന്ന് ഇയാൾ നൽകിയ തങ്കഭസ്മവും ഗരുഡരത്നവും വിദേശലക്ഷ്മി യന്ത്രവും പരിശോധിച്ചപ്പോഴാണ് വ്യാജമാണെന്നു തെളിഞ്ഞതെന്ന് മൊബിൻ പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു. കണ്ണവത്ത് ജ്യോത്സ്യന് ഓഫീസില്ലെന്നും പരാതിയിൽ പറയുന്നുണ്ട്.
വഞ്ചിക്കപ്പെട്ടത് പരസ്യം കണ്ട്
ശുഭ മുഹൂർത്തത്തിനു സമീപിക്കുക എന്ന പരസ്യം കണ്ടാണ് മൊബിനും ഭാര്യയും പുതിയ വീടിനായി കുറ്റിയടിക്കുന്നതിനു മുഹൂർത്തം കുറിക്കാനായി ജ്യോത്സ്യനെ സമീപിച്ചത്. എന്നാൽ, മൊബിനു വാഹനാപകടത്തിൽ മരണമുണ്ടാകുമെന്നു തന്റെ അത്ഭുത സിദ്ധിയിൽ തെളിഞ്ഞു കാണുന്നുവെന്ന് ഇയാൾ ഭയപ്പെടുത്തി. വാഹനാപകട മരണം തടയാൻ ശക്തിയുള്ള ഗരുഡരത്നമെന്ന അത്ഭുതരത്നം തന്റെ പക്കലുണ്ടെന്നും ഇതുപയോഗിച്ചാൽ ദീർഘായുസുണ്ടാകുമെന്നും വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ്. ഗരുഡന്റെ തലയിൽ നിന്നെടുത്തതുമായി കോടികൾ വില മതിക്കുന്ന ഗരുഡരത്നം പത്തെണ്ണം വീട്ടിൽ സൂക്ഷിക്കണമെന്നും കൂടാതെ ഓരോ ദിവസവും രത്നം തൊട്ടു പത്തു പ്രാവശ്യം ഗരുഡമന്ത്രം ജപിക്കണമെന്നും മൊബിന്റെ ഭാര്യയെ പറഞ്ഞു വിശ്വസിപ്പിച്ചു.
ഭർത്താവിന്റെ ജീവൻ രക്ഷിക്കാനായി ഭാര്യ പത്തുലക്ഷം രൂപയാണ് ജ്യോത്സ്യന് ആദ്യം നൽകിയത്. കൂടാതെ മകന് തങ്കഭസ്മം പാലിൽ കലക്കി കൊടുത്താൽ അമാനുഷിക കഴിവും ഭാവിയിൽ ഐ.എ.എസ് ലഭിക്കുമെന്നും പറഞ്ഞ്.
1,25,000 രൂപയും ജ്യോത്സ്യൻ കൈപ്പറ്റി. മൊബിന് വീണ്ടും വിദേശത്തു പോകാനായി അമ്പതിനായിരം രൂപ വിലയുള്ള വിദേശലക്ഷ്മി യന്ത്രം വീട്ടിൽ സൂക്ഷിക്കണമെന്നു വിശ്വസിപ്പിച്ചും പണം വാങ്ങി.
നാലു മന്ത്രിമാർ!
ഗരുഡരത്നം നൽകിയ നാലു പേർ ഇന്നത്തെ മന്ത്രിസഭയിൽ മന്ത്രിമാർ ആണെന്നും പ്രമുഖരായ ബിസിനസ്സുകാർ വിദേശലക്ഷ്മി യന്ത്രം അവരുടെ ഓഫീസിൽ സൂക്ഷിച്ചിട്ടുണ്ടെന്നും പറഞ്ഞാണ് തങ്ങളെ ജ്യോത്സ്യൻ വിശ്വസിപ്പിച്ചതെന്ന് ഇവരുടെ പരാതിയിൽ പറയുന്നു.