waqf

ആതുരാലയങ്ങളും വിദ്യാലയങ്ങളും തുടങ്ങാൻ ആലോചന

കണ്ണൂർ: സംസ്ഥാനത്തെ കോടിക്കണക്കിനു രൂപയുടെ വഖഫ് സ്വത്തുക്കൾ അന്യാധീനപ്പെടുന്നത് അനുവദിക്കില്ലെന്നും സർവ്വെ പൂർത്തിയായാൽ വീണ്ടെടുക്കാൻ കഴിയുന്ന സ്വത്തുക്കൾ വീണ്ടെടുക്കുമെന്നും മന്ത്രി വി. അബ്ദുറഹിമാൻ പറഞ്ഞു. സ്വത്തുക്കൾ വീണ്ടെടുത്ത് ആശുപത്രികൾ, വിദ്യാലയങ്ങൾ തുടങ്ങി നാട്ടിലെ പാവപ്പെട്ടവർക്കും സാധാരണക്കാർക്കും ഉപകാരപ്പെടുന്ന പദ്ധതികൾ ആരംഭിക്കാൻ വഖഫ് ബോർഡിന് ആലോചനയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

സംസ്ഥാന വഖഫ് ബോർഡിന്റെ ആഭിമുഖ്യത്തിൽ ചേംബർ ഓഫ് കൊമേഴ്‌സ് ഹാളിൽ സംഘടിപ്പിച്ച വഖഫ് രജിസ്‌ട്രേഷൻ അദാലത്തും സർട്ടിഫിക്കറ്റ് വിതരണവും ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

സർവ്വെ ഏഴ് ജില്ലകളിൽ പൂർത്തിയായി. ബാക്കി ജില്ലകളിൽ സർവ്വെ നടപടികൾ പുരോഗമിക്കുകയാണ്. വഖഫ് രജിസ്‌ട്രേഷനിൽ പലർക്കും താൽപര്യമില്ലാത്ത സ്ഥിതിയുണ്ട്. ആ നില മാറണം. വരുമാനം വർദ്ധിപ്പിച്ച് സ്വയം പര്യാപ്തതയിലേക്ക് വഖഫ് ബോർഡിനെ ഉയർത്തുകയാണ് ലക്ഷ്യമെന്ന് മന്ത്രി പറഞ്ഞു. രജിസ്റ്റർ ചെയ്ത 40 സ്ഥാപനങ്ങൾക്കുള്ള സർട്ടിഫിക്കറ്റുകളും മന്ത്രി വിതരണം ചെയ്തു. അദാലത്തിൽ 12 അപേക്ഷകൾ പരിഗണിച്ചു. പൂർണ്ണരേഖകൾ ഹാജരാക്കിയ 7 അപക്ഷേകളിന്മേൽ രജിസ്‌ടേഷൻ നടപടികൾ ഉടൻ പൂർത്തിയാക്കുമെന്നും മന്ത്രി പറഞ്ഞു.
വഖഫ് ബോർഡ് ചെയർമാൻ അഡ്വ. ടി.കെ. ഹംസ അദ്ധ്യക്ഷത വഹിച്ചു. കടന്നപ്പള്ളി രാമചന്ദ്രൻ എം.എൽ.എ, പ്രിൻസിപ്പൽ സെക്രട്ടറി എ.പി.എം മുഹമ്മദ് ഹനീഷ്, സംസ്ഥാന വഖഫ് ബോർഡ് അംഗങ്ങളായ അഡ്വ പി.വി. സൈനുദ്ദീൻ, അഡ്വ. എം. ഷറഫുദ്ദീൻ എന്നിവർ സംബന്ധിച്ചു.