കണ്ണൂർ: കണ്ണൂർ ആസ്റ്റർ മിംസിൽ റിജിഡ് ബ്രോങ്കോസ്‌കോപ്പി സർജറിയിലൂടെ വയോധികന് പുതുജീവൻ നൽകി. ഉത്തര മലബാറിൽ ആദ്യമായാണ് ശ്വാസനാളിയിലെ മുഴം നീക്കം ചെയ്യാനായി റിജിഡ് ബ്രോങ്കോസ്‌കോപ്പി സർജറി ചെയ്യുന്നതെന്ന് ആസ്റ്റർ മിംസിലെ ഇന്റർവെൻഷണൽ പൾമണോളജി വിഭാഗം ഡോക്ടർമാർ കണ്ണൂരിൽ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ശ്വാസകോശത്തിനകത്തെ ശ്വാസനാളികളിലുണ്ടാകുന്ന ട്യൂമറുകളെയും കുടുങ്ങിക്കിടക്കുന്ന അന്യ വസ്തുക്കളെയുമെല്ലാം നീക്കം ചെയ്യുന്ന രീതിയാണ് റിജിഡ് ബ്രോങ്കോസ്‌കോപ്പി.

ഒരു മാസം മുമ്പ് രക്തം ചർദ്ദിച്ച് അതീവ ഗുരുതരാവസ്ഥയിൽ ചികിത്സയ്‌ക്കെത്തിയ 70 വയസുകാരനിലാണ് ശസ്ത്രക്രിയ നടത്തിയത്. മറ്റു രീതികളെ അപേക്ഷിച്ച് കൂടുതൽ സുരക്ഷിതവും അതിവേഗം ഉള്ള സുഖ പ്രാപ്തിയും റിജിഡ് ബ്രോങ്കോസ്കോപ്പിയുടെ പ്രധാന സവിശേഷതകളാണ്. മുറിവുകളോ പാടുകളോ ഇല്ലാത്തതിനാൽ അണുബാധ സംഭവിക്കാനുള്ള സാദ്ധ്യതയില്ല. താരതമ്യേന കുറഞ്ഞ ചെലവു മാത്രമേ ഈ ശസ്ത്രക്രിയക്ക് ഉള്ളൂവെന്നും ഡോ. വിഷ്ണു ജി. കൃഷ്ണൻ, ഡോ. ശ്രീജിത്ത്, ഡോ. അമിത് ശ്രീധരൻ, ഡോ. അവിനാശ് മുരുകൻ, സി.പി. നസീർ അഹമ്മദ് എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.