plastic

ചെറുവത്തൂർ: ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ഉത്പന്നങ്ങൾ നിരോധിച്ച് ഉത്തരവിറക്കിയിട്ടും നാട്ടിൽ ഇപ്പോഴും ഇവ സുലഭം. മത്സ്യ മാർക്കറ്റുകൾ, പച്ചക്കറി കടകൾ തുടങ്ങിയ വ്യാപാര സ്ഥാപനങ്ങളിൽ നിരോധിച്ച പ്ലാസ്റ്റിക് ഉത്പന്നങ്ങൾ ഉപയോഗിക്കുന്നത് വ്യാപകമായി തുടരുകയാണ്. ഭക്ഷണം പാർസൽ ചെയ്തു കൊടുക്കുന്ന ചില ഹോട്ടലുകൾ ചൂടുള്ള കറികൾ പ്ലാസ്റ്റിക് കവറുകളിലാക്കി പാർസൽ ചെയ്യുന്നത് വൻ ആരോഗ്യപ്രശ്നങ്ങളാണ് ക്ഷണിച്ചുവരുത്തുന്നത്.

2020 ജനുവരി ഒന്നുമുതലായിരുന്നു കടുത്ത ആരോഗ്യ, പരിസ്ഥിതി പ്രശ്നം ഉടലെടുക്കുന്നുവെന്ന കാരണത്താൽ പ്ലാസ്റ്റിക് കാരി ബാഗുകളടക്കമുള്ളവയ്ക്ക് നിരോധനം ഏർപ്പെടുത്തിയത്. ആദ്യ നാളുകളിൽ പരിശോധന കർശനമായതോടെ ഇത്തരം ഉൽപ്പന്നങ്ങൾ മാർക്കറ്റുകളിൽ നിന്ന് പതിയെ പിൻവലിഞ്ഞിരുന്നു. പൊതു ജനങ്ങളും തുണിസഞ്ചിയിലേക്ക് മടങ്ങിപ്പോകാൻ ആരംഭിച്ചിരുന്നു.

എന്നാൽ, പതിയെപ്പതിയെ ഇവ തിരികെവന്നു. കൊവിഡിന്റെ വരവോടെ പരിശോധന നടത്തേണ്ട ആരോഗ്യ പ്രവർത്തകരുടെ ശ്രദ്ധ മുഴുവനും കൊവിഡ് പ്രതിരോധത്തിലാകുകയും ചികിത്സാ കേന്ദ്രങ്ങളിൽ മാലിന്യം കൈകാര്യംചെയ്യാനും മറ്റും പ്ലാസ്റ്റിക് ഉത്പന്നങ്ങൾ കൂടുതലായി ഉപയോഗിക്കേണ്ടിയും വന്നതോടെ നിരോധനം പാളി.

2022 ജൂലായ് ഒന്നുമുതൽ പൂർണ നിരോധനം

75 മൈക്രോണിൽ കുറഞ്ഞ പ്ലാസ്റ്റിക് കാരി ബാഗുകൾ, 60 ഗ്രാം പെർ സ്ക്വയർ മീറ്ററിൽ കുറഞ്ഞ നോൺ-വൂവൺ ബാഗുകൾ ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ഉത്പന്നങ്ങൾ എന്നിവ 2022 ജൂലായ് ഒന്നുമുതൽ രാജ്യത്ത് പൂർണ്ണമായും നിരോധിക്കാനാണ് സർക്കാർ നീക്കമെന്നറിയുന്നു. ഇതിന്റെ മുന്നോടിയായുള്ള ആദ്യഘട്ടം കഴിഞ്ഞ ഏഴു മുതൽ നടപ്പിലായി തുടങ്ങി. രണ്ടാംഘട്ടമായി ഡിസംബർ 31 മുതൽ 120 മൈക്രോണിൽ താഴെയുള്ള മുഴുവൻ പ്ലാസ്റ്റിക് കാരിബാഗുകളും രാജ്യത്ത് അനുവദിക്കില്ല.

ബദലുണ്ട്, എന്നിട്ടും

തുണി, കടലാസ് ബാഗുകൾ ഉൾപ്പെടെയുള്ള ഉത്പന്നങ്ങളുടെ ബദൽ സംവിധാനങ്ങൾ സുലഭമാണ്. ജൈവ വസ്തുക്കളിൽനിന്ന് നിർമിക്കുന്ന ബയോ ബാഗുകൾ ഉപയോഗിക്കാമെങ്കിലും ആവശ്യത്തിനനുസരിച്ച് ഇവ നിർമിക്കാനുള്ള അസംസ്കൃതവസ്തുക്കൾ ലഭ്യമല്ലാത്തത് പ്രതികൂലമായി. പ്ലാസ്റ്റിക്കിന് ബദൽമാർഗത്തിനായി ആരംഭിച്ച ചില സ്ഥാപനങ്ങൾ കൊവിഡ് കാലത്ത് പൂട്ടിയതും തിരിച്ചടിയായി. പ്ലാസ്റ്റിക്കിനു പകരമെത്തിച്ച നോൺ വൂവൺ കാരിബാഗുകൾ കാഴ്ചയിൽ തുണിയെന്നു തോന്നുമെങ്കിലും മണ്ണിൽ ലയിക്കാത്ത ഇവ അപകടകാരിയാണെന്നാണ് വിദഗ്ദ്ധാഭിപ്രായം.

പിഴശിക്ഷ

ആദ്യമായിനിയമം ലംഘിച്ചാൽ 10000 രൂപ

ആവർത്തിച്ചാൽ 25000 രൂപ

മൂന്നാമതും തുടർന്നാൽ 50000 രൂപയു

പിന്നീട് സ്ഥാപനത്തിന് നിരോധനം

പ്ലാസ്റ്റിക്കിനെതിരെ കർശനമായ നിയമം നിലവിലുണ്ടെങ്കിലും അത് നടപ്പിലാക്കാൻ ആരോഗ്യ വകുപ്പും അധികൃതരും ശക്തമായ നടപടികൾ സ്വീകരിക്കാത്തതിനാലാണ് നാടിന്റെ ആരോഗ്യ രംഗത്തെ തകിടം മറിക്കുന്ന പ്ലാസ്റ്റിക്കിനെ തടയാൻ കഴിയാത്തത്.

പരിസ്ഥിതി പ്രവർത്തകർ