കണ്ണൂർ: പേരാവൂർ ഹൗസിംഗ് സൊസൈറ്റിയിലെ നിക്ഷേപകർക്ക് സി.പി.എം ജില്ലാ നേതൃത്വം പണം തിരിച്ചു നൽകണമെന്ന് ഡി.സി.സി പ്രസിഡന്റ് അഡ്വ. മാർട്ടിൻ ജോർജ് വാർത്താസമ്മേളനത്തിൽ പറഞ്ഞു.
സൊസൈറ്റിയിൽ ചിട്ടിയുടെ പേരിൽ 700 ഒാളം ആളുകളെ ചേർത്ത് ആകർഷകമായ നിക്ഷേപമാണെന്ന് പറഞ്ഞാണ് തട്ടിപ്പ് നടത്തിയിട്ടുള്ളത്. നറുക്കുവന്നാൽ പിന്നീട് പണം അടയ്‌ക്കേണ്ടെന്ന വ്യവസ്ഥയിലാണ് നാലു കോടി രൂപയോളമുള്ള അഴിമതി നടത്തിയിട്ടുള്ളത്. ജില്ലാ കമ്മിറ്റി അംഗത്തിന്റെ മകൾ ഉൾപ്പെടെയുള്ളവരാണ് ഈ ചിട്ടി തട്ടിപ്പിന് നേതൃത്വം നൽകിയിട്ടുള്ളത്. സി.പി.എം ജില്ലാ നേതൃത്വം ഈ അഴിമതിക്ക് കൂട്ടുപിടിക്കുകയാണെന്നും കേരളത്തിലുടനീളം ഭരണത്തിന്റെ തണലിൽ കോടികളുടെ അഴിമതിയാണ് സഹകരണ സ്ഥാപനങ്ങളെ മറയാക്കി നടത്തിക്കൊണ്ടിരിക്കുന്നതെന്നും മാർട്ടിൻ ജോർജ് ചൂണ്ടിക്കാട്ടി. വാർത്താസമ്മേളനത്തിൽ സതീശൻ പാച്ചേനിയും സംബന്ധിച്ചു.