നീലേശ്വരം: നീലേശ്വരം -ഇടത്തോട് റോഡിലെ പൂവാലംകൈ ബസ് കാത്തിരിപ്പ് കേന്ദ്രത്തിന് സമീപം റോഡ് പൊട്ടിപൊളിഞ്ഞു രണ്ടിടങ്ങളിലായി വെള്ളം നിറഞ്ഞ് കുളമായി മാറിയിരിക്കുന്നു. കഴിഞ്ഞദിവസങ്ങളിൽ പെയ്ത കനത്ത മഴയിലാണ് റോഡ് പൊട്ടിപ്പൊളിഞ്ഞ് യാത്ര ദുസ്സഹമായത്. ഇരുചക്ര -മുച്ചക്ര വാഹനങ്ങളിൽ യാത്ര ചെയ്യുന്നവർ സാഹസികമായാണ് ഇതുവഴി പോകുന്നത്.
എപ്പോഴാണ് അപകടം സംഭവിക്കുന്നതെന്ന് അറിയാത്ത സ്ഥിതിയെന്ന് നാട്ടുകാർ പറയുന്നു. കഴിഞ്ഞ രണ്ടര വർഷമായി നീലേശ്വരം -ഇടത്തോട് റോഡിന്റെ ദയനീയ സ്ഥിതിയാണിത്. പൊതുമരാമത്ത് അധികൃതരും കരാറുകാരനും യാത്രക്കാരുടെ ജീവൻകൊണ്ട് പന്താടുകയാണ്.
42 കോടി രൂപ ചെലവിൽ രണ്ടര വർഷം മുമ്പാണ് കരാറുകാരൻ ടെണ്ടർ ഏറ്റെടുത്തത്. കഴിഞ്ഞ മേയ് മാസം പണി പൂർത്തീകരിക്കേണ്ടതായിരുന്നു. ഇപ്പോൾ വീണ്ടും സർക്കാർ 2022 ജൂൺ 30 വരെ റോഡിന്റെ പണി തീർക്കാൻ സമയം കൊടുത്തിരിക്കുകയാണ്.
സർക്കാർ റോഡിന്റെ പണി പുനരാരംഭിക്കാൻ വിജ്ഞാപനം ഇറക്കിയെങ്കിലും നീലേശ്വരം മേല്പാല ത്തിന്റെ തുടക്കത്തിൽ നിന്ന് ആരംഭിക്കണോ, ചോയ്യങ്കോട് നിന്ന് ആരംഭിക്കണോ എന്നുള്ള ആലോചനയിലാണ്.
ഉണർന്ന് പ്രവർത്തിച്ചാൽ നടക്കാത്തതല്ല
മേല്പാലം മുതൽ താലൂക്ക് ആശുപത്രി വരെയുള്ള റോഡിന് വീതി കൂടാൻ സ്ഥലമെടുപ്പുമായുള്ള പ്രവൃത്തി നടന്ന് വരികയാണ്. താലൂക്ക് ആശുപത്രി മുതൽ ചോയ്യങ്കോട് വരെ മറ്റ് തടസ്സങ്ങളൊന്നുമില്ല. ഇത് സംബന്ധിച്ച് കഴിഞ്ഞാഴ്ച ഇടത്തോട് റോഡ് ആക്ഷൻ കമ്മിറ്റി ഭാരവാഹികൾ ഇ. ചന്ദ്രശേഖരൻ എം.എൽ.എയെ സന്ദർശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പേരോൽ വില്ലേജിലെ സ്ഥലം ഏറ്റെടുക്കുന്ന പ്രവൃത്തി തുടരാനും റോഡ് പണി ചോയ്യങ്കോട് നിന്ന് ആരംഭിക്കാനുള്ള നിർദ്ദേശമാണ് നൽകിയിട്ടുള്ളത്. ഇനി പൊതുമരാമത്ത് അധികൃതരും കരാറുകാരനും ഉണർന്ന് പ്രവർത്തിച്ചാൽ റോഡ് പണി എത്രയും പെട്ടെന്ന് തീർക്കാനാകും.